മുന്‍ മന്ത്രിയും സാമൂഹിക പ്രവര്‍ത്തകനും ആര്യസമാജം പണ്ഡിതനുമായ സ്വാമി അഗ്നിവേശ് (81) അന്തരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ തന്നെ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചെന്നായിരുന്നു മെഡിഡക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അല്‍പം മു്ന്‍പാണ് മരണം സംഭവിച്ചത്.
1939-ല്‍ ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍-ചമ്പ ജില്ലയിലാണ് സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ 1968 വരെ കല്‍ക്കത്തയിലെ സെന്റ് സേവ്യര്‍ കോളേജില്‍ ബിസിനസ്സ് മാനാജ്മെന്റില്‍ അധ്യാപകനായി.
1968ല്‍ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു. അവിടെ ആര്യസമാജത്തില്‍ ചേര്‍ന്ന് സന്യാസം സ്വീകരിച്ചു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപവത്കരിച്ചു.
1977 ല്‍ ഹരിയാനയലെ നിയമസഭാംഗമായി. വിദ്യാഭ്യാസ മന്ത്രിയുമായി. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ശബ്ദിച്ചു.
വിവിധ വിഭാഗങ്ങളുമായുള്ള സംവാദം, സമധാനത്തിനായുള്ള പോരാട്ടം, ജാതി വിരുദ്ധസമരം, അടിമതൊഴിലാളികള്‍ക്കായുള്ള പ്രവര്‍ത്തനം, മദ്യത്തിനെതിരായുള്ള പ്രചാരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു സ്വാമി അഗ്നിവേശ്.
