നിര്‍ഭയ കേസിൽ കുറ്റവാളികളെ നീണ്ട ഏഴുവര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് തൂക്കിലേറ്റിയത്. ഇക്കാലമത്രയും നിർഭയയുടെ കുടുംബത്തിന് താങ്ങായി നിന്ന ഒരു രാഷ്ട്രീയ നേതാവുണ്ട്. മറ്റാരുമല്ല സാക്ഷാൽ രാഹുൽ ഗാന്ധിയാണ് ആ കുടംബത്തിന് തണലായി നിലകൊണ്ടത്. കഴിഞ്ഞ ദിവസം നിർഭയയുടെ അച്ഛൻ മാദ്ധ്യമങ്ങൾക്കുമുന്നിൽ ഈ വിവരം തുറന്ന് പറഞ്ഞു.
മകൾക്ക് നേരിട്ട ആക്രമണത്തിൽ നീതിക്കായുള്ള പോരാട്ടത്തില്‍ സാമ്പത്തികമായും മാനസികമായും തങ്ങളെ പിന്തുണച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് നിരവധി തവണ അവര്‍ സൂചന നൽകിയിട്ടുണ്ട്. എന്ത് രാഷ്ട്രീയം ആയാലും രാഹുല്‍ഗാന്ധി ഞങ്ങളുടെ മാലാഖയാണെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് നേരത്തെ പറഞ്ഞിട്ടുണ്ട്.
പക്ഷേ നിര്‍ഭയയുടെ വീട്ടുകാര്‍ക്കൊപ്പം താനുണ്ടെന്ന് ഒരു ഘട്ടത്തിലും രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയോ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയോ ചെയ്തില്ല. നിര്‍ഭയയുടെ മാതാപിതാക്കള്‍ക്കൊപ്പം നിശബ്ദ സാന്നിധ്യമായി അവരുടെ പോരാട്ടവീര്യത്തിന് ഊര്‍ജം പകര്‍ന്നു. വൈകാരിക പിന്തുണമാത്രമായിരുന്നില്ല, സാമ്പത്തികമായും ആ കുടുംബത്തിന് കൈത്താങ്ങുനല്‍കിയത് രാഹുലാണ്.
ഒരിക്കലും മാഞ്ഞുപോകാത്ത മുറിപ്പാടാണ് ആ സംഭവം മനസ്സില്‍ ഏല്‍പ്പിച്ചത്. അപ്പോഴാണ് ഒരു ദൈവദൂതനെപ്പോലെ രാഹുല്‍ ഞങ്ങള്‍ക്ക് മുന്നിലെത്തുന്നത്. രാഷ്ട്രീയം എന്തായാലും അദ്ദേഹം ഞങ്ങള്‍ക്ക് ദേവദൂതനായിരുന്നു. സഹോദരിക്കുണ്ടായ ദുരനുഭവത്തില്‍ തളര്‍ന്നുപോയ അവളുടെ സഹോദരന് രാഹുല്‍ കൗണ്‍സിലിങ് നല്‍കി. പൈലറ്റ് പരിശീലനത്തിന് വേണ്ട സഹായങ്ങളെല്ലാം ചെയ്തുനല്‍കി.
ഇന്ന് എന്റെ മകന്‍ പൈലറ്റാണ് അത് സാധ്യമായത് രാഹുല്‍ ഉണ്ടായതുകൊണ്ടാണ്. എനിക്ക് രാഷ്ട്രീയ താല്പര്യങ്ങളില്ല, രാഹുല്‍ ഗാന്ധി ഞങ്ങളെ സമീപിച്ചതും രാഷ്ട്രീയ അജണ്ടകളുമായല്ല. അദ്ദേഹം ഞങ്ങളെ സഹായിച്ചെന്ന സത്യം എന്നും സത്യമായി തന്നെ നിലനില്‍ക്കും. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. നിർഭയയുടെ അച്ഛൻ പറഞ്ഞു.
