സഹായം തേടിയെത്തിയവരെ ക്രൂരമായി മര്‍ദ്ദിച്ചു; ഡല്‍ഹി പോലീസിന്റെ ക്രൂരത വിവരിച്ച് ന്യൂയോര്‍ക്ക് ടൈംസ്

ഡല്‍ഹിയില്‍ മുസ്ലീങ്ങള്‍ക്കെതിരെ സംഘപരിവാര്‍ അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് പോലീസ് നടത്തിയ മുസ്ലീം വേട്ടയ്‌ക്കെതികെ ശക്തമായ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസ് ലേഖനം. ‘നിങ്ങളെ കൊന്നാലും ഇവിടെ ഒന്നും സംഭവിക്കില്ലെന്ന് ” ഇന്ത്യയിലെ മുസ്ലിങ്ങളോട് പോലീസ് പറയുന്ന ഗുരുതരമായ സാഹചര്യമാണ് ഡല്‍ഹിയില്‍ നിലനില്‍ക്കുന്നതെന്ന് ലേഖനത്തില്‍ ചൂണ്ടികാട്ടുന്നു.

കലാപത്തിനിടെ സഹായംതേടി പോലിസിനെ സമീപിച്ച കൗസര്‍ അലി എന്ന യുവാവിന്റെ അനുഭവം വിവരിച്ചുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. യുദ്ധസമാനമായ സാഹചര്യത്തില്‍ ഇരുവിഭാഗവും തമ്മില്‍ കല്ലേറ് നടക്കുന്നതിനിടേയാണ് പെയിന്റിങ് ജോലിക്കാരനായ കൗസര്‍ അലി പോലിസിന്റെ സഹായം തേടുന്നത്.

എന്നാല്‍, കൗസര്‍ അലിയെ പോലിസ് നിലത്തേക്ക് തള്ളിയിടുകയും തലക്കടിക്കുകയും ചെയ്തു. കൗസര്‍ അലിയേയും അവിടെ ഉണ്ടായിരുന്ന മറ്റു മുസ് ലിംകളേയും പോലിസ് ക്രൂരമായി മര്‍ദിച്ചു. രക്തം വാര്‍ന്നൊഴുകിയ നിലയില്‍ അവര്‍ രക്ഷക്ക് വേണ്ടി യാചിച്ചെങ്കിലും പോലിസ് മര്‍ദനം തുടര്‍ന്നു. നിലത്ത് തളര്‍ന്ന് വീണവരെ പരിഹസിച്ചും ദേശീയഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടും പോലിസ് ക്രൂരമായ മര്‍ദനം തുടര്‍ന്നു. ഇവരില്‍ ഒരാള്‍ രണ്ട് ദിവസത്തിന് ശേഷം ചികില്‍സക്കിടെ ആശുപത്രിയില്‍ മരിച്ചു.

പോലിസ് തങ്ങളെ അപഹസിക്കുകയായിരുന്നു. ഞങ്ങള്‍ നിങ്ങളെ കൊന്ന് കളഞ്ഞാലും, ഇവിടെ ഒന്നും സംഭവിക്കില്ല’. പോലിസ് മര്‍ദനത്തിനിടെ പറഞ്ഞത് അലി ഓര്‍ത്തെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപി സര്‍ക്കാരിനു കീഴില്‍ ഹിന്ദുതീവ്രവാദികള്‍ ശക്തിപ്രാപിച്ചിരിക്കുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിന്ദുത്വ നേതാക്കള്‍ മുസ് ലിംകളെ പരസ്യമായി അപമാനിക്കുന്നതായും ഇന്ത്യയില്‍ വിഭാഗീയമായ രക്തചൊരിച്ചിലുകള്‍ വ്യാപകമായതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. മോദി ഭരണത്തില്‍ സമീപകാലത്തായി നടക്കുന്ന മുസ് ലിംവിരുദ്ധ നയങ്ങളേയും ടൈംസ് അക്കമിട്ട് വിമര്‍ശിച്ചു.

ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞതും മോദി സര്‍ക്കാരിന് നേരിട്ട് നിയന്ത്രണമുള്ള ഡല്‍ഹി പോലിസിന്റെ മുസ് ലിംവിരുദ്ധ ആക്രമണങ്ങളും ലേഖനത്തില്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്. ഡല്‍ഹി കലാപത്തിന്റെ കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ടും മുസ്ലിംകളാണെന്നും സംഘടിത കൊലപാതകമായാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനെ വിലയിരുത്തുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് ലേഖനത്തില്‍ പറയുന്നു.

Vinkmag ad

Read Previous

കോടികളുടെ സാമ്പത്തിക ക്രമക്കേട്: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ വൈദീകനായ സഹോദരനെ സഭ പുറത്താക്കി; വിശുദ്ധനാക്കി മറുനാടന്‍ നിരന്തരം വാര്‍ത്തയെഴുതിയ ഫാ. ടോമി കരിയലക്കുളത്ത് നടത്തിയത് കോടികളുടെ വെട്ടിപ്പ് !

Read Next

കനേഡിയൻ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ജസ്റ്റിന്‍ ട്രൂഡോയും നിരീക്ഷണത്തിൽ

Leave a Reply

Most Popular