തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നഴ്‌സുമാരെ പിരിച്ചുവിട്ടു. പിരിച്ചുവിടലോ ശമ്പളം വെട്ടിച്ചുരുക്കലോ പാടില്ലയെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം ലംഘിച്ചാണ് തിരുവനന്തപുരം എസ് കെ ആശുപത്രിയുടെ നടപടി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികള്‍ നഴ്സുമാര്‍ക്ക് ശമ്പളം കൊടുക്കാതിരിക്കുകയോ പിരിച്ചുവിടല്‍ പോലുള്ള നടപടികള്‍ എടുക്കുകയോ പാടില്ലെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് കാറ്റില്‍ പറത്തിയാണ് ആശുപത്രിയുടെ നടപടി സംസ്ഥാനത്തെ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ കൂട്ട പിരിച്ചുവിടലിന് തയ്യാറെടുക്കുകയാണ്.
11 നഴ്സുമാരേയാണ് തിരുവനന്തപുരത്തെ ആശുപത്രി പിരിച്ചുവിട്ടത്. ഇതില്‍ കോണ്‍ട്രാക്ട് കഴിഞ്ഞവരും കോണ്‍ട്രാക്ട് പിരിഡ് പൂര്‍ത്തിയാക്കാന്‍ ഇരിക്കുന്നവരും ഉണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആശുപത്രിയില്‍ വരേണ്ടെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നതെന്ന് നഴ്സുമാര്‍ പറയുന്നു.
‘കോണ്‍ട്രാക്ട് പുതുക്കിയിട്ടില്ല. കൊവിഡ് ആയതിനാല്‍ ആശുപത്രിയില്‍ രോഗികള്‍കുറവാണെന്നും അതുകൊണ്ട് തന്നെ ജോലിയ്ക്ക് എത്തേണ്ട സാഹചര്യമില്ലെന്നുമാണ് അറിയിച്ചത്.
മാര്‍ച്ച് മാസത്തെ ശമ്പളം പകുതി നല്‍കുമെന്നാണ് പറഞ്ഞത്. ഏപ്രില്‍ മാസത്തെ ശമ്പളം പകുതി മാത്രമേ നല്‍കു. ബാക്കി പകുതി ശമ്പളമില്ലാത്ത അവധിയായി കണക്കാക്കണം എന്നാണ് മറ്റ് നഴ്സുമാരോട് അറിയിച്ചത്. വിഷയത്തില്‍ ലേബര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും’ നഴ്സുമാര്‍ പറഞ്ഞു.
‘മാര്‍ച്ച് 31 നാണ് എന്റെ കോണ്‍ട്രാക്ട് അവസാനിച്ചത്. അതിന് മുന്‍പായി കോണ്‍ട്രാക്ട് പുതുക്കാനുള്ള അപേക്ഷ കൊടുത്തിട്ടുണ്ടായിരുന്നു. എന്നാല്‍ ഇനി ആരേയും തിരിച്ചെടുക്കുന്നില്ലെന്ന് മാനേജ്മെന്റ് അന്ന് തന്നെ പറയുകയായിരുന്നു. എം.ഡി കോണ്‍ട്രാക്ട് ലെറ്റര്‍ സൈന്‍ ചെയ്തുകൊടുക്കില്ലെന്നും 14 ാം തിയതി കഴിഞ്ഞാലും ഉറപ്പ് പറയാന്‍ കഴയില്ലെന്നുമാണ് അവര്‍ അന്ന് പറഞ്ഞത്.’, പിരിച്ചുവിട്ട നഴ്സ് പറഞ്ഞു.
എന്നാല്‍ പിരിച്ചുവിടല്‍ നടപടിയെല്ലെന്നും ഷിഫ്റ്റ് ക്രമീകരണം മാത്രമാണ് ഇതെന്നുമാാണ് ആശുപത്രിയുടെ വിശദീകരണം.അതേസമയം ആശുപത്രിയിലെ സ്ഥിരം ജീവനക്കാര്‍ക്കും മാര്‍ച്ച് മാസത്തിലെ ശമ്പളം പകുതി മാത്രമേ കൊടുക്കുള്ളൂവെന്നാണ് അറിയുന്നത്. നഴ്സുമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നഴസിങ് സൂപ്രണ്ട് ഇക്കാര്യം അറിയിക്കുന്നതിന്റെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.
” എം.ഡി ഓഫീസില്‍ നിന്നും അവര്‍ വിളിച്ചിരുന്നു. മാര്‍ച്ച് മാസത്തിലെ ശമ്പളം 50 ശതമാനം മാത്രമേ ഈ മാസം തരുള്ളൂ. ബാക്കിയുള്ള 50 ശതമാനം അടുത്ത നാല് മാസങ്ങളിലായിട്ടേ തരുള്ളൂ എന്നാണ് പറഞ്ഞത്. ഏപ്രില്‍ മാസത്തില്‍ 16 ദിവസം ജോലി ചെയ്യണം. അതില്‍ ഓഫ് പാടില്ലെന്നും പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ള 14 ദിവസം അണ്‍പെയ്ഡ് ആയിട്ടായിരിക്കും കണക്കാക്കുക എന്നാണ് പറഞ്ഞത്. ‘, ഇതായിരുന്നു നഴ്സിങ് സൂപ്രണ്ടിന്റെ വാക്കുകള്‍.
