സംസ്ഥാനത്ത് ഇന്നലെ നടന്ന മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ വൻ തിക്കും തിരക്കുമെന്ന് വിമർശനം. പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ കൂട്ടത്തോടെ മടങ്ങുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്ന തിരുവനന്തപുരത്തെ ദൃശ്യങ്ങളാണ് ആരിലും ഞെട്ടൽ ഉളവാക്കുന്നത്. തലസ്ഥാനത്തെ പട്ടം സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ വച്ചായിരുന്നു ഇന്നലെ പരീക്ഷ നടന്നത്.
കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കുട്ടികളും രക്ഷിതാക്കളും കൂട്ടംകൂടി നിൽക്കുന്ന ചിത്രമാണ് ആശങ്കയുണ്ടാക്കുന്നത്. വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം 339 പേർക്കാണ് തലസ്ഥാനത്ത് കോവിഡ് ബാധിച്ചത്. ഇതിൽ സമ്പർക്കത്തിലൂടെ 301 പേർക്ക് രോഗബാധയുണ്ടായി. ഉറവിടം വ്യക്തമാകാത്ത 16 രോഗികളും തിരുവനന്തപുരത്തുണ്ട്.
