ഡല്‍ഹിയില്‍ നിന്നും കൂട്ട പലായനം ചെയ്യുന്ന തൊഴിലാളികളുടെ ചിത്രം രാജ്യത്തെയാകെ കണ്ണീരണിയിക്കുകയാണ്. വിശപ്പും ദാഹവും സഹിച്ച് പട്ടിണിയില്‍ നിന്ന് രക്ഷനേടാന്‍ കൈക്കുഞ്ഞുങ്ങളുമായി ആയിരങ്ങളാണ് കാല്‍നടയായി നീങ്ങുന്നത്…
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലിനായി കുടിയേറിയവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന ദൃശ്യങ്ങള്‍ എല്ലാവരെയും നൊമ്പരപ്പെടുത്തുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് എഴുത്തുകാരി കെ.ആര്‍ മീരയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു.
അവര്‍ പണിതുയര്‍ത്തിയ അംബരചുംബികള്‍ക്കു മുമ്പിലൂടെ, അവരുടെ വിയര്‍പ്പു വീണുരുകിയ ടാറിട്ട റോഡുകളിലൂടെ, ഉറങ്ങിപ്പോയ കുഞ്ഞുങ്ങളെയും തലയിലേറ്റി അവര്‍ നടന്നു തുടങ്ങിയിരിക്കുന്നു. അവര്‍ക്കു ഭക്ഷണവും വെള്ളവും കൊടുക്കാന്‍, വേണ്ട, തിരിച്ചു പോകാന്‍ യാത്രാസൗകര്യമെങ്കിലും ഏര്‍പ്പെടുത്താന്‍, അവര്‍ പുറപ്പെട്ടിടത്തോ ചെന്നു ചേരേണ്ടിടത്തോ ഗവണ്‍മെന്റുകളില്ലേയെന്നും മീര കുറിപ്പില്‍ പറയുന്നു.
കെആര്‍ മീരയുടെ കുറിപ്പ്
അവര്‍ പണിതുയര്‍ത്തിയ അംബരചുംബികള്‍ക്കു മുമ്പിലൂടെ,
അവരുടെ വിയര്‍പ്പു വീണുരുകിയ ടാറിട്ട റോഡുകളിലൂടെ,
ഉറങ്ങിപ്പോയ കുഞ്ഞുങ്ങളെയും തലയിലേറ്റി അവര്‍ നടന്നു തുടങ്ങിയിരിക്കുന്നു.
അവര്‍ക്കു ഭക്ഷണവും വെള്ളവും കൊടുക്കാന്‍,
വേണ്ട, തിരിച്ചു പോകാന്‍ യാത്രാസൗകര്യമെങ്കിലും ഏര്‍പ്പെടുത്താന്‍,
അവര്‍ പുറപ്പെട്ടിടത്തോ ചെന്നു ചേരേണ്ടിടത്തോ ഗവണ്‍മെന്റുകളില്ലേ?
അവരെ സഹായിക്കാന്‍ സാധിക്കുന്ന ഒരാളും ഐ.എ.എസിലോ ഐ.പി.എസിലോ ഇല്ലേ?
വേണ്ട, അവര്‍ പണിതതും തൂത്തു തുടച്ചതുമായ ബാല്‍ക്കണികളില്‍ ഇറങ്ങി നിന്ന് അവര്‍ക്കു വേണ്ടി പാത്രമോ കയ്യോ കൊട്ടാന്‍ പോലും ആരുമില്ലേ?
സത്യത്തില്‍ ഭാരതം ആരുടെ രാജ്യമാണ്?
