സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥീരികരിച്ചു; 24 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 24 പേര്‍ ഇന്ന് രോഗമുക്തരായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗബാധിതരില്‍ 53 വിദേശത്തു നിന്നും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുണ്ട്.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി. 832 പേര്‍ ചികിൽസയിലുണ്ട്. 1,60,304 പേരാണ് നിരീക്ഷണത്തിലുള്ളത്. 1440 പേർ ആശുപത്രികളിൽ. ക്വാറന്റീനിൽ 1,58,861പേര്‍. 241 ഇന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 73,712 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 69,606 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

വന്ദേ ഭാരത് മിഷനിൽ എത്ര വിമാനത്തിന് അനുമതി നൽകണം എന്ന് കേന്ദ്രത്തോട് ചോദിച്ചു. അവർ പറയുന്ന അത്രയും വിമനങ്ങൾക്ക് അനുമതി നൽകും. വിദേശത്ത് കുടുങ്ങിയവരെ കൊണ്ടുവരുന്നതിന് വിമാനം ചാർട്ട് ചെയ്യുന്നതിന് തടസമില്ല. എന്നാൽ യാത്രക്കാരിൽ നിന്നും പണം ഈടാക്കി കൊണ്ടുവരുന്നതിന് നിബന്ധനയുണ്ട്. വിമാന നിരക്ക് വന്ദേ ഭാരത് നിരക്കിന് തത്തുല്യമായിരിക്കണം. മുൻഗണനാ അടിസ്ഥാനത്തിലേ ആളുകളെ കൊണ്ടുവരാവൂ. സ്പൈസ് ജെറ്റിന് 300 ഫ്ലൈറ്റിന് അനുമതി നൽകി.

41 ലക്ഷം കുട്ടികളാണ് 1 മുതൽ 12 വരെ ക്ലാസുകളിലായി പൊതു വിദ്യാലയങ്ങളിലുള്ളത്. പ്ലസ് വൺ ഉൾപ്പെടാതെയുള്ള കണക്കാണിത്. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാനായില്ല. അതിനാൽ വിക്ടേഴ്സ് ചാനൽ വഴി പഠിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും ഓൺലൈൻ ക്ലാസ് നന്നായി ഇഷ്ടപ്പെട്ടു എന്നാണ് പ്രതികരണങ്ങളിൽ നിന്നു മനസ്സിലാകുന്നത്.

2,61,784 കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമില്ല. ഇവർക്കും പഠനം സാധ്യമാക്കാം എന്ന ഉറപ്പ് സർക്കാരിനുണ്ട്. സൗകര്യം ഏർപ്പെടുത്താൻ അധ്യാപകർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തുന്നുണ്ട്. എംഎൽഎമാരെ ചുമതലപ്പെടുത്തി. വായനശാല, അയൽപക്ക ക്ലാസുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ക്ലാസുകൾ കാണുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. നിരവധി വിദ്യാർഥി, യുവജന സംഘടനകൾ ടിവി വാങ്ങി നൽകാൻ തയാറാണ്.

ആദ്യത്തെ രണ്ടാഴ്ച ട്രയൽ ആണ്. അപ്പോഴേക്കും എല്ലാവർക്കും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും. സ്കൂൾ അടഞ്ഞു കിടക്കുന്നതിനാൽ വിദ്യാർഥികളെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നതിനാണ് ഓൺലൈൻ ക്ലാസുകൾ. ഇതു മനസ്സിലാക്കാതെ ചിലർ വിമർശിക്കുന്നു. ടിവിയോ മൊബൈലോ ഇല്ലാത്തിനാൽ ഒരു കുട്ടിക്കും ക്ലാസ് നഷ്ടപ്പെടില്ല. ക്ലാസ് പുനഃസംപ്രേഷണം ചെയ്യും. അവസാനത്തെ കുട്ടിക്കും ക്ലാസ് ലഭിക്കുക എന്നതാണു സർക്കാർ നയം. നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ‌ ഓഫ് ലൈൻ സംവിധാനം ഏർപ്പെടുത്തും. വായനശാല പോലുള്ള സ്ഥലങ്ങളിൽ പഠന സംവിധാനം ഒരുക്കും.

വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ് എടുത്ത അധ്യാപികമാരെ അധിക്ഷേപിച്ചവർക്കെതിരെ കടുത്ത നടപടിയെടുക്കും. സംസ്ഥാനത്തു മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 2869 സംഭവങ്ങളുണ്ടായി. 24 ക്വാറന്റീൻ ലംഘനകേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് ജില്ലയിൽ സ്ഫോടകവസ്തു കഴിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ അന്വേഷം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും.

കേരള തീരപ്രദേശത്ത് ജൂൺ 9 മുതൽ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തും. മെഡിക്കൽ കോളജിലെ വൈദ്യുതി വിഭാഗം ശക്തിപ്പെടുത്തും. ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത് പുരോഗമിക്കുന്നു. 40,000 കോടി രൂപയാണു പദ്ധതിയുടെ ചെലവ്. ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ സാധിച്ചു. സ്ഥലം ഏറ്റെടുക്കാൻ 25 ശതമാനം തുക സർക്കാർ നൽകും.

Vinkmag ad

Read Previous

മുസ്ലീങ്ങൾക്കെതിരെ വംശീയ പരാമർശം നടത്തിയ പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു; ആത്മാർത്ഥമായി ക്ഷമ ചോദിച്ച് കത്ത്

Read Next

ലോക്ക്ഡൗണ്‍ ഫ്ലാറ്റാക്കിയത് തെറ്റായ കർവ്: കോവിഡിനെ തടഞ്ഞില്ല; സമ്പദ് വ്യവസ്ഥ തകര്‍ത്തു

Leave a Reply

Most Popular