സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട്ട് ഒമ്പതുപേര്‍ക്കും മലപ്പുറത്ത് രണ്ടുപേര്‍ക്കും കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കാസർകോട് രോഗം സ്ഥിരീകരിച്ച ആറ് പേർ വിദേശത്തു നിന്നും വന്നതാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ലഭിച്ചു. കൊവിഡ് രോഗം ബാധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളിലായി ഇതുവരെ 18 മലയാളികൾ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഔദ്യോഗികമായുള്ള വിവരങ്ങൾ വന്നാൽ മാത്രമേ വിദേശത്തെ മരണങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.
അമേരിക്ക, യുകെ, യുഎഇ, സൌദി എന്നീ രാജ്യങ്ങളിലാണ് കൂടുതൽ പേരും മരിച്ചത്. അമേരിക്കയിൽ മാത്രം എട്ട് പേർ മരിച്ചു. കേരളത്തിൽ കൊവിഡ് വൈറസ് ബാധ നിയന്ത്രിതമായ രീതിയിലാണെങ്കിലും ആഗോളതലത്തിൽ സ്ഥിതി വളരെ മോശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
