ഇന്ന് സംസ്ഥാനത്ത് 141 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണിത്. രോഗം കണ്ടെത്തിയവരിൽ 79 പേർ വിദേശത്തുനിന്നും 52 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കത്തിലൂടെ ഒൻപത് പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 3451 പേർക്ക്. ഇതിൽ 1620 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. അതേസമയം നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒന്നര ലക്ഷം കടന്നു. 150196 പേരാണ് കേരളത്തിൽ മാത്രം കോവിഡ് നിരീക്ഷണത്തിലുള്ളത്.
ഇന്ന് പരിശോധിച്ച 4473 സാമ്പിളുകളുൾപ്പടെ ഇതുവരെ 144649 സാമ്പിളുകൾ പരിശോധിച്ചു. 3661 പരിശോധനഫലം വരാനുണ്ട്. സെന്റിനൽ സർവേയ്‌ലൻസിൻ്റെ ഭാഗമായ 39518 സാമ്പിളുകൾ പരിശോധിച്ചതിൽ 38551 എണ്ണവും നെഗറ്റീവാണ്. സംസ്ഥാനത്താകെ 111 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് ഒരാൾ കൊവിഡ് മൂലം മരിച്ചു. കൊല്ലം മായനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. ഡൽഹിയിൽ നിന്നാണ് ഇദ്ദേഹം എത്തിയത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ ഡൽഹി 14, തമിഴ്നാട് 11, മഹാരാഷ്ട്ര 9, ബംഗാൾ , ഉത്തർപ്രദേശ്, കർണാടക, ഹരിയാന, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ രണ്ടു വീതം, മദ്ധ്യപ്രദേശ്, മേഘാലയ ഒന്നു വീതം എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 4473 സാംപിളുകൾ ഇന്ന് പരിശോധിച്ചു. ഇതുവരെ 3351 പേർക്ക് രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
