സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്നലെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്ന ഒരാൾക്കും, വർക്കല പാപനാശത്തെ സ്വകാര്യ റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇറ്റലി സ്വദേശിക്കും യുകെയിൽ നിന്നും മടങ്ങിയെത്തിയ മറ്റൊരു തിരുവനന്തപുരം സ്വദേശിക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് രണ്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. തിരുവന്തപുരം മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലുമാണ് ജില്ലയിൽ കൊവിഡ് 19 ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 22 പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ 10 നു സാംപിൾ ശേഖരിച്ച നടത്തിയ പരിശോധനയിലാണു ഇറ്റലി സ്വദേശിക്കു രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ വർക്കല പാപനാശത്തെ സ്വകാര്യ റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇയാൾ. രോഗലക്ഷണങ്ങളെ തുടർന്നാണു പാരിപ്പള്ളി മെഡിക്കൽ കോളജിൽ കൊണ്ടു വന്നു സാംപിൾ ശേഖരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസ് വർക്കലയിലേക്കു തിരിച്ചു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാനാണു സാധ്യത.
