സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഡൽഹിയിൽ നിന്നെത്തിയ കൊല്ലം ജില്ലയിലെ മയ്യനാട് സ്വദേശിയാണ് മരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. കൊല്ലത്ത് രണ്ടാമത്തെ കോവിഡ് മരണമാണ്.
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാറാണ് (68) മരിച്ചത്. വസന്തകുമാറിനു ന്യൂമോണിയ ബാധിച്ചിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയിൽ ഹൃദയാഘാതം ഉണ്ടായി.
ഇന്നു രാവിലെ 9.55നാണു മരണം. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇദ്ദേഹം ഡൽഹിയിൽ നിന്ന് ഈ മാസം 10നു നാട്ടിലെത്തി. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 17നു കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതീവഗുരുതരാവസ്ഥയിലായതിനെ തുടർന്നു ജീവൻരക്ഷാ മരുന്ന് പൊലീസാണു കൊച്ചിയിൽ നിന്നെത്തിച്ചു കൊടുത്തത്. ഇന്നു രാവിലെയായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.
