സംസ്ഥാനത്ത് സ്ഥിതി ഗുരുതരം. ഇന്ന് മാത്രം 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 96 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. അന്യ സംസ്ഥാനത്തു നിന്നും എത്തിയ 76 പേർക്കും രോഗബാധയുണ്ടായി.
451 പേർക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായത്. ഇത് സംസ്ഥാനത്തിൻ്റെ അവസ്ഥ ഗുരുതരമാണെന്നതിൻ്റെ തെളിവാണ്. ഇന്ന് 196 പേർക്ക് രോഗമുക്തിയുണ്ടായതായി വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
4989 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 234 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. പുതുതായി 16 ഹോട്ട് സ്പോട്ടുകളാണ് ഉണ്ടായത്. ബ്രേക്ക് ദി ചെയ്ൻ കാമ്പയിൻ മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവൻ്റെ വിലയുള്ള ജാഗ്രത എന്നാണ് മൂന്നാം ഘട്ടത്തിൻ്റെ മുദ്രാവാക്യം. ആരിൽ നിന്നും രോഗം പകരാം എന്ന ജാഗ്രതാ നിർദ്ദേശമാണ് ഇതിലൂടെ നൽകുന്നത്.
തലസ്ഥാനത്ത് 157 പുതിയ രോഗികൾ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി മേഖലയിലാണ് ഏറ്റവും കൂടുതൽ സമ്പർക്ക രോഗികളുള്ളത്. പൂന്തുറ സെൻ്റ് തോമസ് സ്കൂളിൽ താത്ക്കാലിക ആശുപത്രി ഒരുങ്ങുന്നു. ജില്ലയിൽ ഇതുവരെ 32 പേർക്ക് ഡങ്കിപ്പനിയും സ്ഥിരീകരിച്ചത് കാര്യങ്ങൾ ഗുരുതരമാക്കുന്നു.
