സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 38 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതീവ ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി. സമ്പര്‍ക്കം വഴി ഏറ്റവും അധികം രോഗികൾ ഉള്ള ദിവസം ആണ് ഇന്ന്. കുറെ കൂടി ഗൗരവമായി കാര്യങ്ങൾ കാണേണ്ട ഘട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി മാത്രമെ മുന്നോട്ട് പോകാനാകു.
സമ്പര്‍ക്ക വ്യാപനം അതീവ ഗുരുതര സാഹചര്യമാണ്. രോഗികളുമായി പാലിക്കേണ്ട അകൽച്ച ആവശ്യമായ സുരക്ഷ പാലിക്കാത്തത് എല്ലാം കാരണമാണ്. നിയന്ത്രണങ്ങളിൽ അയവ് വന്നപ്പോഴുള്ള പ്രത്യേകതകളിലേക്കാണ് രോഗവ്യാപന സാധ്യത വിരൽചൂണ്ടുന്നത്. ഇന്ന് ഫലം പോസിറ്റീവായവര്‍ മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, കണ്ണൂർ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസർഗോഡ് 13, പത്തനംതിട്ട 12,കൊല്ലം 11, തൃശൂർ 10, കോട്ടയം 3 ,വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ്.
169 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്താകെ ഉള്ളത്. പുതിയതായി 18 ഹോട്ട് സ്പോട്ടുകൾ കൂടി സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 7516 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് മാത്രം 378 പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. 3034 പേര്‍ ആശുപത്രിയിൽ കഴിയുന്നുണ്ട്. 5454 സാമ്പിളുകളുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്.
