സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടയക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ; അടുത്ത 14 ദിവസം അതി നിര്‍ണ്ണായകം

കേരളത്തിലെ ബാറുകള്‍ വഴി കോവിഡ് 19 വ്യാപിക്കാന്‍ ഇടയുള്ള സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടയക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.അബ്രാഹം വര്‍ഗീസ്,സെക്രട്ടറി ഡോ.പി ഗോപികുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബാറുകള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായും തയാറാകണം.ഏതു സമ്മേളനം നടക്കുമ്പോഴും കൂട്ടം കുടുന്നത് തടയാനാണ് പറയുന്നത്.ബാറിലെ മങ്ങിയ വെളിച്ചത്തില്‍ ഇരുന്ന് തികച്ചും ആരോഗ്യകരമല്ലാത്ത രീതിയില്‍ ഒരേ ഗ്ലാസും സ്പൂണും ഉപയോഗിച്ചും പാത്രത്തില്‍ കൈയിട്ടുവാരിയും കഴിക്കുന്ന പ്രവണതയാണ് നടക്കുന്നത്. അതിനാലാണ് ഇത് കര്‍ശനമായി നിയന്ത്രിക്കണമെന്നും നിരീക്ഷിക്കണമെന്നും ബാറുകളില്‍ കൂട്ടം കൂടുന്നത് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടത്.

നിലവിലെ ബാറിലെ അവസ്ഥയില്‍ രോഗം പടരാനുള്ള സാധ്യത വളരെയേറെ കൂടുതലാണ്.സമൂഹത്തിലേക്ക് രോഗം വ്യാപിക്കുന്ന അവസ്ഥയുണ്ടായാല്‍ ഒരു രീതിയിലും നമ്മള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാതാകും അതിനാലാണ് തങ്ങള്‍ ഇത് മുന്നോട്ടു വെയ്ക്കുന്നത്.റസ്റ്റോറന്റുകളില്‍ ഇത്രയും പ്രശ്നമില്ലാത്തതിനാലാണ് ഇവ അടയ്ക്കാന്‍ ഐഎംഎ ആവശ്യപ്പെടാത്തത്.കോവിഡ്-19 ന്റെ വ്യാപനം തടയാന്‍ അടുത്ത 14 ദിവസം നിര്‍ണായകമാണെന്നും ഈ കാലയളവില്‍ ഒരോരോരുത്തരും ജാഗ്രത പാലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കോവിഡ്19 പ്രതിരോധിക്കാന്‍ ലോകത്തൊരിടത്തും ഇതുവരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല.ഇത് പുതിയ വൈറസാണ്. ഇതിനെതിരെ നാളുകള്‍ക്കു ശേഷം മരുന്നോ വാക്സിനോ കണ്ടുപിടിച്ചേക്കാം എന്നാല്‍ നിലവില്‍ മരുന്നില്ല.ആരെങ്കിലും അശാസ്ത്രീയമായി ഇതിന്റെ പേരില്‍ മരുന്നുകളോ മറ്റോ വിതരണം ചെയ്യുന്നുണ്ടെങ്കില്‍ അത് ശാസ്ത്രത്തിന് നിരക്കുന്നതല്ല. കേരളത്തില്‍ കോവിഡ് ബാധയില്ലെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. രോഗം സമൂഹത്തില്‍ വ്യാപിക്കുന്ന സമയമാണ്.ഒരോ വ്യക്തിയും വ്യക്തികള്‍ തമ്മില്‍ നിര്‍ബന്ധമായും സമൂഹത്തില്‍ നിശ്ചിതമായ അകലം പാലിക്കണം.

ദൈനംദിന ജീവിതത്തില്‍ ഇത് പ്രയോഗത്തില്‍ വരുത്തണം.ഇരിക്കുന്ന സമയത്തും നിശ്ചിത അകലം പാലിക്കാന്‍ കര്‍ശനമായി എല്ലാവരും തയാറകണം.പൊതുഗതാഗത സംവിധാനം പരവാവധി ഒഴിവാക്കണം. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങാന്‍ ശ്രദ്ധിക്കുക.പരമാവധി വീടുകളില്‍ തന്നെ കഴിയുന്നതാണ് രോഗം പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം. ഇത് പ്രായോഗികമായി ബുദ്ധമുട്ടാണെങ്കിലും സാധിക്കുന്നവര്‍ അത് ചെയ്യണം.

60 വയസിനു മുകളില്‍ ഉള്ളവര്‍ പരമാവധി ശ്രദ്ധിക്കണം.ഐഎംഎയുടെ ഒരു ബ്രാഞ്ചിലെ ഭാരവാഹികള്‍ ചീഫ് ജസ്റ്റിസിന് രോഗവ്യാപനവുമായി ബന്ധപ്പെട്ട് നല്‍കിയ കണക്ക് അത് ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത് എന്ന അര്‍ഥത്തിലാണ്. അതുണ്ടാകുമെന്നല്ല. ഇതില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഐഎംഎ ഭാരവാഹികള്‍ വ്യക്തമാക്കി.ഇപ്പോള്‍ ശാന്തമാണെങ്കിലും ഈ ശാന്തത എത്രനാളത്തേക്ക് മുന്നോട്ടു പോകുമെന്ന് പറയാന്‍ കഴിയില്ല.അത്തരം അവസ്ഥയുണ്ടാകാതിരിക്കാനുള്ള ശ്രമമാണ് എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.

രോഗം പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാതിരുന്നാല്‍ അത് വലിയ അപകടത്തിലാവും ചെന്നെത്തുകയെന്നും ഇവര്‍ പറഞ്ഞു.ആശുപത്രിയിലേക്ക് എത്തുന്നവരുടെ എണ്ണം കുറയണം. വളരെ അത്യാവശ്യമുള്ള രോഗികള്‍ മാത്രമെ ആശുപത്രിയില്‍ എത്താവു.കുട്ടികളെ പരമാവധി ആശുപത്രിയില്‍ കൊണ്ടുപോകുന്നത് ഒഴിവാക്കുക.രോഗം കഠിനമാണെങ്കില്‍ മാത്രം ആശുപത്രിയില്‍ കൊണ്ടുപോകുക.ഐ എം എയുടെ കീഴില്‍ മെഡിക്കല്‍ സ്റ്റുഡന്റസ് നെറ്റ് വര്‍ക്ക് ഉണ്ട്. കേരളത്തിലെ 35 ഓളം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് ഇതിലുള്ളത്.800 ഓളം വിദ്യാര്‍ഥികള്‍ സഹായത്തിനായി രംഗത്തുണ്ട്.ഇവരെ ഉപയോഗിച്ച് 14 ജില്ലകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ അടക്കമുള്ള പ്രോഗ്രാം നടത്തും.ഐഎംഎയുടെ നേതൃത്വത്തിലുള്ള ജൂനിയര്‍ ഡോക്ടേഴ്സിന്റെ സേവനവും സര്‍ക്കാരിന് നല്‍കും.

കോള്‍ ദി ഡോക്ടര്‍ എന്ന പരിപാടിയും ആരംഭിക്കും. വീടുകളില്‍ നിരീക്ഷണത്തിലുള്ള രോഗികള്‍ ഏതെങ്കിലും വിധത്തില്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ അവര്‍ക്ക് ഫോണില്‍ക്കൂടി ഡോക്ടറുമായി സംസാരിക്കാനുള്ള മാര്‍ഗം ആരംഭിച്ചിട്ടുണ്ട്.മരുന്നുകളോ മറ്റോ ആവശ്യം വന്നാല്‍ പോലിസിന്റെ സഹായത്താല്‍ മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതി എറണാകുളം ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. ഇത് മറ്റു ജില്ലകളിലും ആരംഭിക്കും.രക്തദാനം അനിവാര്യമാണ്.രക്ത ദാതാക്കള്‍ മടികൂടാതെ ഇതിന് തയാറാകണം. കൊച്ചുകുട്ടിമുതല്‍ പ്രായമായവര്‍ക്ക് വരെ രക്തം ആവശ്യമായി വരുമ്പോള്‍ ദൗര്‍ലഭ്യം നേരിട്ടാല്‍ അത് വലിയ ഗുരതരമായ അവസ്ഥയിലേക്ക് പോകും.

ഐഎംഎയുടെ കീഴിലുള്ള നെറ്റ് വര്‍ക്കില്‍ കേരളത്തില്‍ 500 നുമുകളില്‍ ആംബുലന്‍സ് പ്രവര്‍ത്തിക്കുന്നുണ്ട്.ആവശ്യം വന്നാല്‍ ഈ ആംബുലന്‍സ് സര്‍ക്കാരിന് വിട്ടു നല്‍കും. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കേരളമൊട്ടാകെയുള്ള ഏകോപനത്തിനായി ഐഎംഎയുടെ നേതൃത്വത്തില്‍ കോവിഡ് കണ്‍ട്രോള്‍ സെല്‍ എന്ന സംവിധാനം ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ രോഗികളെ നിരീക്ഷിച്ച് അവര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കാനും അതുപോലെ കേരളത്തിലെ 33,000 ഡോക്ടര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനുമാണ് ഇത് രൂപീകരിച്ചിരിക്കുന്നത്.

ഇതിലൂടെ കേരളത്തിലെ എല്ലാ പ്രവര്‍ത്തനവും നടത്താനാണ് ഐഎംഎ തീരുമാനിച്ചിരിക്കുന്നത്.പല കാരണങ്ങളാല്‍ കേരളത്തില്‍ പലപ്പോഴായി നിരവധി ആശുപത്രികള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. വെറുതെ കിടക്കുന്ന ഇത്തരം ആശുപത്രികള്‍ കണ്ടെത്തി ആവശ്യമെങ്കില്‍ ഇവിടം ഐസോലേഷന്‍ യൂനിറ്റായി മാറ്റാനുള്ളമുള്ള തയാറെടുപ്പുകളും ഐഎംഎ ആരംഭിച്ചിട്ടുണ്ട്.അടഞ്ഞുകിടക്കുന്ന വീടുകളും ഏറ്റെടുത്ത് നീരീക്ഷണത്തിലുളളവരുടെ എണ്ണം കൂടുന്നതനുസരിച്ച് അവരെ താമസിപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കേണ്ടി വരും

.കോവിഡ്-19ന്റെ കാര്യത്തില്‍ കേരളം മൂന്നാമത്തെ സ്റ്റേജിലേക്ക് കടന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ക്ക് ഐഎംഎയുടെ നേതൃത്വത്തില്‍ നിര്‍ദേശം നല്‍കികഴിഞ്ഞു.മാളുകളിലും മറ്റും ആളുകളുടെ എണ്ണം നിയന്ത്രിക്കണം. പള്ളികളിലും അമ്പലങ്ങളിലും ആളുകളുടെ എണ്ണം നിയന്ത്രിക്കണം. ഇവിടങ്ങളിലും പ്രതിരോധ മാര്‍ഗങ്ങള്‍ ഉറപ്പാക്കണമെന്നും ഐഎംഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആളുകള്‍ കൂടുതലായി എത്തുന്ന ബാങ്കുകളിലും പ്രതിരോധ മാര്‍ഗങ്ങള്‍ ഉറപ്പാക്കണം.രോഗവ്യാപനത്തിന് സാധ്യതയുള്ള സ്ഥലങ്ങളാണ് ഇതെല്ലാമെന്നും ഐഎംഎ ഭാരവാഹികള്‍ വ്യക്തമാക്കി.തമിഴ്നാടില്‍ രോഗവ്യാപനം വളരെ കുറവാണ്. ഇതിനു കാരണം അങ്ങോട്ടേയ്ക്കുള്ള പ്രവേശനത്തിലുള്ള പരിശോധനയാണ്.പ്രത്യേകിച്ച് വിമാനത്തവാളത്തില്‍ നടപ്പാക്കിയിരിക്കുന്ന പരിശോധന.

കേരളത്തിലെ നാലു വിമാനത്താവളങ്ങളിലൂടയുമാണ് ഇവിടെ വൈറസ് എത്തിയിരിക്കുന്നത്. കേരളത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലെ പരിശോധന കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.തീവണ്ടി,റോഡ്,വിമാനത്താവളം.തുറമുഖം എന്നിവ വഴി കേരളത്തിലേക്കുള്ള മുഴുവന്‍ പ്രവേശന കവാടങ്ങളും കര്‍ശനമായി നീരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കണം.ചൈനയില്‍ ഇപ്പോള്‍ രോഗവ്യാപനം കുറയാന്‍ ഇത്തരം പ്രതിരോധന നടപടികളും നല്ലൊരു പങ്കുവഹിച്ചിട്ടുണ്ടെന്നും ഐഎംഎ ഭാരവാഹികള്‍ വ്യക്തമാക്കി.

രോഗബാധയുടെ പശ്ചാത്തലത്തില്‍ പുറത്തുനിന്നെത്തുവര്‍ക്കൊപ്പം ഇവിടെയുള്ളവരെയും പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.നിരീക്ഷണത്തിനൊപ്പം റാന്‍ഡം ചെക്കിംഗും ഏര്‍പ്പെടുത്തണം.മറ്റുരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ആദ്യം ഡിഎംഒ ഓഫിസില്‍ റിപോര്‍ട് ചെയ്യണം.ഇതിന്റെ അടിസ്ഥാനത്തില്‍ നീരീക്ഷണ കാലാവധി കഴിയുമ്പോള്‍ അതനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമെ തിരികെ ഇവര്‍ക്ക് ഏതു രാജ്യത്തായാലും ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുവെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.

Vinkmag ad

Read Previous

ഈ വർഷം പ്രത്യേകതയുള്ളത്; ലക്ഷങ്ങൾ പങ്കെടുക്കുന്ന രാമനവമി ആഘോഷവുമായി അയോധ്യ; കൊവിഡ് 19 ഭീതി അവഗണിച്ച് സംഘപരിവാർ

Read Next

അമൃതാണെന്നു പറഞ്ഞ് ഹോം ഗാർഡിനെ പശുമൂത്രം കുടിപ്പിച്ചു; ബിജെപി നേതാവ് പോലീസ് പിടിയിൽ

Leave a Reply

Most Popular