കൊവിഡ് പ്രതിരോധത്തിൽ കേരളം അഭിമാനകരമായ അവസ്ഥയിൽ തന്നെയാണ് നിൽക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ ജില്ലക്കാരനായ രോഗിക്കു സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 7 പേർ രോഗമുക്തരായി. കാസർകോട് 4, കോഴിക്കോട് 2, കൊല്ലം 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ആകെ 387 പേർക്കാണു രോഗം, 167 പേർ ചികിത്സയിൽ.
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനു താഴെയായി. 97,464 പേരാണ് നിരീക്ഷണത്തിലുള്ളത്. 96,942 പേർ വീടുകളിലും 522 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16475 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 16002 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
കേന്ദ്രം ലോക്ഡൗണ്‍ നീട്ടിയിട്ടും സംസ്ഥാനത്തിനുള്ള സഹായം പ്രഖ്യാപിച്ചില്ല. ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. യുഎഇയില്‍ പ്രവാസികള്‍ക്കായി ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങി. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടേതാണ് നടപടി. പ്രവാസികള്‍ക്ക് ഇത് ആശ്വാസമാകും. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സഹായത്തിനായി ഓൺലൈനിൽ അപേക്ഷിക്കാം.
അക്ഷയ സെന്ററിന് ഇളവ് അനുവദിക്കും. ലോക്ഡൗണിൽ ചില മേഖലകളിൽ 20 മുതൽ ഇളവുണ്ടാകുമെന്ന് കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ എങ്ങനെ നടപ്പിലാക്കണമെന്ന് വ്യാഴാഴ്ചത്തെ മന്ത്രിസഭായോഗം തീരുമാനിക്കും. നിയന്ത്രണങ്ങളും ജാഗ്രതയും ശക്തമായി തുടരേണ്ടതുണ്ട്.
