കോവിഡ്-19 വൈറസിൻ്റെ സമൂഹവ്യാപനം തടയാൻ ശക്തമായ ക്രമീകരണങ്ങളുമായി സർക്കാർ. പരിശോധന, ചികിത്സ, ഐസൊലേഷൻ, ജീവൻരക്ഷാ സജ്ജീകരണങ്ങൾ എന്നിവക്കാണ് പ്രധാന പരിണഗന. കൂട്ടത്തോടെയുള്ള അത്യാഹിതങ്ങൾ ഉണ്ടായാൽ അത് കൈകാര്യം ചെയ്യാൻ എല്ലാ വകുപ്പുകളുടെയും സഹകരണം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.
സംസ്ഥാനം കടുത്ത ജാഗ്രതയിലാണ് ഇപ്പോഴുള്ളത്. കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കാസറഗോഡ് ജില്ലയിൽ പരിശോധന കർശനമാക്കി. ജില്ലാ കളക്ടർ നേരിട്ടാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. തുറന്ന കടകളൊക്കെ രോഗവ്യാപനം തടയാനായി അടപ്പിച്ചു. കൂടാതെ സർക്കാർ ഓഫീസുകൾ ഒരാഴ്ച അടച്ചിടും. രണ്ടുവയസുള്ള കുട്ടിയുൾപ്പെടെ ആറ് പേർക്കാണ് ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ 2(1) പ്രകാരം ശക്തമായ നടപടികൾക്ക് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കാസർകോട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരം നൽകിയിട്ടുണ്ട്.
രോഗബാധയുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകളൊക്കെ നിലച്ചു. ചെക്‌പോസ്റ്റിൽ അത്യാവശ്യ വാഹനങ്ങൾ മാത്രമേ കടത്തിവിടുന്നുള്ളു. കൂടാതെ കർണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും ബസുകൾ സർവീസ് നടത്തുന്നില്ല. ഇന്ന് രാത്രിയോടെ പൂർണ നിയന്ത്രണം നിലവിൽ വരും.
ഇന്നലെ സംസ്ഥാനത്ത് 12 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കാസർകോട് കൂടാതെ എറണാകുളത്ത് അഞ്ച് വിദേശികൾക്കും പാലക്കാട്ട് ഒരാൾക്കുമാണ് വൈറസ് ബാധിച്ചത്. എറണാകുളത്ത് ബ്രിട്ടീഷുകാരായ അഞ്ച് ടൂറിസ്റ്റകൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെ എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പമുള്ള ഒരാൾക്ക് കഴിഞ്ഞയാഴ്ച കൊറോണ സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടനിൽ നിന്നെത്തി കൊച്ചി, തൃശൂർ, മൂന്നാർ എന്നിവിടങ്ങൾ സന്ദർശിച്ച 17 അംഗ സംഘത്തിലുള്ളവരാണ് ഇവർ.
