ദളിത് പിന്നോക്ക വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് നാളെ. സംവരണം മൗലികാവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കാനാവില്ലെന്നുമുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിനെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്.
ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് പട്ടികജാതി-പട്ടികവര്‍ഗ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ പട്ടികജാതി പട്ടികവര്‍ഗ സംഘടനകളുടെ സംയുക്ത സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.ആര്‍ സദാനന്ദന്‍, എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി രാജു, ജനറല്‍ സെക്രട്ടറി എ.കെ സജീവ്, എന്‍.ഡി.എല്‍.എഫ് സെക്രട്ടറി അഡ്വ. പി.ഒ ജോണ്‍, ഭീം ആര്‍മി ചീഫ് സുധ ഇരവിപേരൂര്‍, കേരള ചേരമര്‍ ഹിന്ദു അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേഷ് പി തങ്കപ്പന്‍, കെ.ഡി.പി സംസ്ഥാന കമ്മിറ്റി അംഗം സജി തൊടുപുഴ, കെ.പി.എം.എസ് ജില്ലാ കമ്മിറ്റി അംഗം ബാബു വൈക്കം, ആദി ജനസഭ ജനറല്‍ സെക്രട്ടറി സി.ജെ തങ്കച്ചന്‍, ജനാധിപത്യരാഷ്ട്രീയ പ്രസ്ഥാനം കണ്‍വീനര്‍ എം.ഡി തോമസ്, എന്‍.ഡി.എല്‍.എഫ് അംഗം രമേശ് അഞ്ചലശ്ശേരി തുടങ്ങിയവരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
