കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് രാജ്യം ഒന്നടങ്കം ഭാഗഭാക്കാകുകയാണ്. വൈറസിനെ തുരത്തുന്നതിന് ശാസ്ത്രീയമായ മാർഗ്ഗങ്ങളാണ് അവലംബിക്കേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും ഈ വിഷയം പ്രതിപാദിച്ചിരുന്നു.
കൊറോണ വൈറസ് ബാധ രാജ്യത്ത് പടർന്ന് പിടിക്കുന്നതിനിടയിൽ ധാരാളം അന്ധവിശ്വാസങ്ങളും സമൂഹത്തിൽ പ്രചരിച്ചിരുന്നു. പ്രധാനമായും സംഘപരിവാർ പ്രവർത്തകരായിരുന്നു ഇത്തരം അന്ധവിശ്വസങ്ങളുടെ പിന്നിൽ.
ഗോമൂത്രം കുടിച്ചാൽ വൈറസ് മാറുമെന്നതായിരുന്നു പ്രധാനമായും പ്രചരിക്കപ്പെട്ടത്. ഹിന്ദുമഹാസഭ ഗോമൂത്ര പാർട്ടിവരെ നടത്തിയിരുന്നു. വേപ്പില പുകച്ചാൽ വൈറസ് ഇല്ലാതാകുമെന്ന് ബിജെപി മുഖ്യമന്ത്രി പ്രസ്താവന നടത്തി. കേന്ദ്രആരോഗ്യ സഹമന്ത്രി പറഞ്ഞത് വെയിലുകൊണ്ടാൽ വൈറസ് പോകുമെന്നായിരുന്നു.
സംഘപരിവാർ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിച്ച ഇത്തരം കള്ളങ്ങളുടെയും അന്ധവിശ്വാസങ്ങളുടേയും കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് മോദി ഇന്നലെയും ഇന്നുമായി നടത്തിയ രണ്ട് പ്രസ്താവനകൾ. ഈ സമയത്ത് അറിഞ്ഞോ അറിയാതെയോ അഭ്യൂഹങ്ങളും പടരുന്നുണ്ടെന്നും ഒരുതരത്തിലുള്ള അന്ധവിശ്വാസങ്ങളും അഭ്യൂഹങ്ങളും ഉൾക്കൊള്ളരുതെന്നും ഇന്നലെ അദ്ദേഹം പറഞ്ഞു.
സർക്കാരുകളും മെഡിക്കൽ രംഗത്തുളളവരും തരുന്ന നിർദേശങ്ങൾ മാത്രം പാലിക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ ഒരു മരുന്നും കഴിക്കരുത്. അശ്രദ്ധ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാമെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ന് സ്വന്തം മണ്ഡലമായ വാരണാസിയിലെ ജനങ്ങളുമായി സംവദിച്ചപ്പോഴും അന്ധവിശ്വാസങ്ങളിൽ നിന്നും മാറി നിൽക്കാൻ അദ്ദേഹം പറഞ്ഞു. കൊറോണ ഭീഷണിയുടെ സമയത്ത് ജനങ്ങൾ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. കോവിഡ്-19 രോഗത്തിന് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല. യോഗ ചെയ്തതുകൊണ്ടോ, വ്യായാമം ചെയ്തതുകൊണ്ടോ കൊറോണ ആരെയും ഒഴിവാക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
