കേരളത്തിനെതിരെ ദേശീയ തലത്തിൽ നടക്കുന്ന വ്യാജ ട്വിറ്റർ പ്രചരണങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി മലയാളികൾ കൂട്ടത്തോടെ ട്വിറ്ററിൽ ചേക്കേറുകയാണ്. സാമൂഹ്യമാദ്ധ്യമങ്ങളിൽ ഫേസ്ബുക്കിലാണ് മലയാളികൾ കൂടുതൽ സമയം ചെലവഴിച്ചിരുന്നത്.
നേരത്തെ, കേരളത്തിനെതിരെയുള്ള വ്യാജ ആരോപണങ്ങളെ ചെറുക്കുന്നതിനായി മലയാളി ട്വിറ്റർ സർക്കിൾ എന്ന ഗ്രൂപ്പും തുടങ്ങിയിരുന്നു. അതിൻ്റെ പിന്നാലെയാണ് കേരളം ട്വിറ്ററിലേക്ക് എന്ന നിലയിൽ ഇപ്പോൾ ട്വിറ്ററിലേക്ക് മലയാളികൾ കൂട്ടത്തോടെ എത്തുന്നത്.
ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറം എന്ന ഹാഷ്ടാഗോടെ കേരളത്തിനെതിരെ നടന്ന വ്യാജ പ്രചരണമാണ് പുതിയ മാറ്റത്തിന് വഴിവച്ചിരിക്കുന്നത്. ബിജെപി നേതാക്കളുൾപ്പെടെയുള്ളവർ ട്വിറ്ററിൽ കുറിപ്പുമായെത്തിയിരുന്നു.
‘നായ്ക്കളെയും പക്ഷികളേയും കൊലപ്പെടുത്താന്‍ റോഡുകളില്‍ വിഷം തളിച്ച ജില്ലയാണ് മലപ്പുറം’ എന്നാണ് മുന്‍ കേന്ദ്ര മന്ത്രി മേനകാ ഗാന്ധി പറഞ്ഞത്. എന്നാൽ പിന്നീട് ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ബോധ്യപ്പെട്ടിരുന്നു. ഇപ്പോൾ മലപ്പുറത്തിനെതിരെ ട്വിറ്ററിൽ നിറഞ്ഞ പോസ്റ്റുകൾക്കെതിരെയുള്ള ട്വീറ്റുകൾ വ്യാപകമാകുന്നുണ്ട്. ഐ സ്റ്റാൻഡ് വിത്ത് മലപ്പുറം എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റുകൾ പ്രചരിക്കുന്നത്.
ഇതിന്റെ ഭാഗമായിട്ടാണ് മലയാളി ട്വിറ്റർ സർക്കിൾ എന്ന ഫേസ്ബുക്ക് പേജും ആരംഭിച്ചിരിക്കുന്നതെന്ന് വേണം കരുതാൻ. മലയാളികളെ കൂടുതലായി ട്വിറ്ററിലേക്ക് കൊണ്ടുവരികയും കേരളത്തിന് അനുകൂലമായിട്ടുള്ള ട്വീറ്റുകൾ ട്രെൻഡിംഗ് ആക്കി മാറ്റുക എന്നതാണ് ഈ ഗ്രൂപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഹാഷ്ടാഗുകൾക്ക് വളരെ പ്രാധാന്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കൂടിയാണ് ട്വിറ്റർ. ടെലിഗ്രാമിലും ഇതേ പേരില്‍ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.
