സംഘപരിവാർ നിർബന്ധത്തിൽ ക്രിസ്തു പ്രതിമയും കുരിശുകളും ഇടിച്ചു നീക്കി; 40 വർഷമായി ആരാധന നടത്തുന്ന സ്ഥലം

സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തിന് വഴങ്ങി കർണ്ണാടകയിൽ ക്രിസ്തു പ്രതിമയും കുരിശ് രൂപങ്ങളും തകർത്തത് വിവാദമാകുന്നു. ജനങ്ങളെ മതപരിവർത്തനത്തിന് വിധേയമാക്കുന്നു എന്ന വിഷയം ഉയർത്തിയാണ് ബജ്റംഗ ദൾ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

ദേവനഹളളിയിലെ പ്രതിമ സർക്കാർ ഭൂമിയിലാണ് സ്ഥിതിചെയ്യുന്നതെന്ന് ആരോപിച്ചാണ് നടപടി. മതസൗഹാർദം തകർക്കാനുളള ആസൂത്രിത നീക്കമെന്നാണ് ബെംഗളൂരു അതിരൂപത വിശദീകരിച്ചു. ദേവനഹളളിയിൽ സെന്‍റ് ജോസഫ് പളളിക്കടുത്തുളള കുന്നിലാണ് ക്രിസ്തുപ്രതിമ ഉണ്ടായിരുന്നത്.

ഇത് സർക്കാർ ഭൂമിയിലാണെന്നും പ്രതിമയും കുരിശുകളും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സംഘപരിവാർ സംഘടനകൾ തഹസിൽദാർക്ക് പരാതി നൽകിയിരുന്നു. പിന്നാലെ പ്രതിഷേധവും നടന്നു. തുടർന്നാണ് മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥരുടെ സംഘമെത്തി പ്രതിമ പൊളിച്ചുനീക്കിയത്.

40 വർഷത്തോളമായി ആരാധന നടക്കുന്ന സ്ഥലമാണെന്നും പ്രതിമ ഉൾപ്പെടുന്ന നാലരയേക്ക‍ർ ആറ് വർഷം മുമ്പ് സർക്കാർ പതിച്ചുതന്നതാണെന്നും ബംഗളൂരു അതിരൂപത പറയുന്നു. കത്തോലിക്ക പുരോഹിതർ ഇവിടെ കർമങ്ങൾ നടത്തിവന്നിരുന്നു. പുറത്തുനിന്നുളളവരുടെ സമ്മർദമാണ് സർക്കാർ നടപടിക്ക് പിന്നിലെന്നാണ് വിമർശനം. മതപരിവർത്തനം നടത്തുകയാണ് പുരോഹിതരെന്ന ആരോപണവും രൂപത തളളി.

പ്രതിമ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. സംഭവത്തിൽ വിശദീകരണം നൽകാൻ ദേവനഹളളി തഹസിൽദാർ തയ്യാറായില്ല. ക്രിസ്തുപ്രതിമയുടെ പേരിൽ സംഘപരിവാർ പ്രതിഷേധം കർണാടകത്തിൽ രണ്ട് മാസം മുമ്പും ഉണ്ടായിരുന്നു. ഡി കെ ശിവകുമാറിന്‍റെ മണ്ഡലത്തിൽ കൂറ്റന്‍ പ്രതിമ നിർമിക്കുന്നതിലായിരുന്നു എതിർപ്പ്.

Vinkmag ad

Read Previous

വിവാദ ചോദ്യങ്ങൾ ഉൾപ്പെടുത്തി എൻപിആർ നടപ്പിലാക്കും; ജനന തീയതിയും സ്ഥലവും സംബന്ധിച്ച ചോദ്യങ്ങൾ നേരത്തെയുള്ളത്

Read Next

ഏഷ്യാനെറ്റിൻ്റെ വിലക്ക് നീങ്ങി; മീഡിയ വണ്ണിൻ്റെ നിരോധനം തുടരുന്നു; ശക്തമായ പ്രതിഷേധം ഉയരുന്നു

Leave a Reply

Most Popular