സംഘപരിവാര്‍ അക്രമികള്‍ അഴിഞ്ഞാടിയത് ബിജെപി വിജയിച്ച നിയമസഭാ മണ്ഡലങ്ങളില്‍; ലക്ഷ്യം വച്ചത് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍

ഡല്‍ഹി കലാപരൂക്ഷിതമായപ്പോള്‍, വന്‍ വര്‍ഗീയ കലാപം രാജ്യ തലസ്ഥാനത്തെ കാര്‍ന്നു തിന്നപ്പോള്‍ രാജ്യമൊന്നാകെ അതിനെ ഞെട്ടലോടെയാണ് നോക്കി കണ്ടത്. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഉറഞ്ഞു പോവുകയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. സംഘപരിവാര്‍ സ്പോണ്‍സേഡ് കലാപം തന്നെയായിരുന്നു ഇതെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുന്ന സാഹചര്യമാണുള്ളത്.

കാരണം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് വെറും എട്ടു സീറ്റുകളില്‍ മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കലാപകാരികള്‍ പ്രധാനമായും അക്രമം അഴിച്ച് വിട്ടത് വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലാണ്. ബിജെപി ജയിച്ച എട്ട് സീറ്റുകളില്‍ അഞ്ചു സീറ്റുകളും ഈ പ്രദേശതാണുള്ളതും… ഇതു മാത്രമല്ല, വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ ലോക്‌സഭാ സീറ്റും ബിജെപിയുടെ കയ്യിലുളളതു തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വന്‍ വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

ഡല്‍ഹിയില്‍ ഇത്രമേല്‍ കലാപം പൊട്ടിപ്പുറപ്പെടാന്‍ പ്രധാന കാരണം തന്നെ ബിജെപി നേതാക്കളുടെ വര്‍ഗീയ പ്രസ്താവനകളാണ്. കപില്‍ മിശ്രയുടെ പ്രസംഗം മാത്രമല്ല, അമിത് ഷാ മുതല്‍ പര്‍വേഷ് വര്‍മ്മയും അനുരാഗ് താക്കൂറും വരെയുളള നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയത് ചെന്നു തറച്ചത് വടക്ക്- കിഴക്കന്‍ ഡല്‍ഹിയുടെ ചങ്കിലാണ്. അവിടുത്തെ സംഘപരിവാറുകാര്‍ ഇതൊക്കെയും ആവാഹിച്ച് നടത്തിയ കലാപമാണ് ഡല്‍ഹിയില്‍ നാല്‍പ്പതിനടുത്താളുകളുടെ ജീവനെടുത്തത്. ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവനോപാദികള്‍ ചുട്ടെരിച്ചത്.

സ്വന്തം മണ്ണില്‍ നിന്ന് പലായനം ചെയ്യാല്‍ മുസ്ലീം ജനതയെ നിര്‍ബന്ധിതരാക്കിയത്.
വടക്ക്- കിഴക്കന്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ കടുത്ത മതധ്രുവീകരണത്തിന് വഴിവെച്ചുവെന്ന് വിരമിച്ച ഡല്‍ഹി പൊലീസ് കമ്മീഷണര്‍ പറഞ്ഞതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപി നേതാക്കള്‍ കടുത്ത വിദ്വേഷ പ്രസംഗങ്ങളാണ് നടത്തിയത്. വെറുപ്പിന്റെ വിത്തുകള്‍ അന്നേ വിതയ്ക്കപ്പെട്ടിരുന്നു.

അവ പൊട്ടിമുളക്കാന്‍ അവര്‍, സംഘപരിവാര്‍ കാത്ത് നില്‍ക്കുകയായിരുന്നു. ഒരു മാസത്തിലേറെയായി പുകഞ്ഞിരുന്ന കനലാണ് യഥാര്‍ഥത്തില്‍ കപില്‍ മിശ്ര ഊതി കത്തിച്ചത്. തിളച്ച് കൊണ്ടിരിക്കുന്നതിനെ പൊട്ടിത്തെറിപ്പിക്കുകയാണ് കപില്‍ മിശ്രയുടെ പ്രസംഗം ചെയ്തത് എന്നും മുന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ പറഞ്ഞിരുന്നു. ജാഫ്രാബാദിലും മോജ്പൂരിലും ഗോണ്ടയിലും ചാന്ദ്ബാഗിലും ബാബര്‍പൂരിലും ഗോകുല്‍പുരിയിലും യമുനാ വിഹാറിലും ഭജന്‍പുരയിലുമുളള മുസ്ലീംങ്ങളെ തെരഞ്ഞ് പിടിച്ചാണ് ആയുധമേന്തിയ ആള്‍ക്കൂട്ടം ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ പ്രദേശങ്ങളെല്ലാം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച മണ്ഡലങ്ങളുടെ ഭാഗമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

വടക്ക്- കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപി ജയിച്ച മണ്ഡലങ്ങള്‍ ഗോണ്ട, കര്‍വാര്‍ നഗര്‍, ഗാന്ധി നഗര്‍, റോഹ്താസ്, വിശ്വാസ് നഗര്‍ എന്നിവയാണ്. വടക്ക്- കിഴക്കന്‍ ഡല്‍ഹിക്ക് പുറത്ത് ബിജെപി വിജയിച്ച മറ്റ് മൂന്ന് മണ്ഡലങ്ങള്‍ ബദര്‍പൂര്‍, രോഹിണി, ലക്ഷ്മി നഗര്‍ എന്നിവയാണ്. കലാപത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങള്‍ കര്‍വാര്‍ നഗര്‍, ഗോണ്ട, ഗാന്ധി നഗര്‍, രോഹ്താസ് എന്നീ മണ്ഡലങ്ങളുടെ ഭാഗമാണെന്നും മുന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ പറഞ്ഞതായും ടെലഗ്രാഫ് ചൂണ്ടിക്കാട്ടുന്നുണ്ട്. വോട്ട് ചെയ്യുമ്പോള്‍ ഷഹീന്‍ ബാഗില്‍ അതിന്റെ പ്രഹരം എത്തണമെന്ന് അമിത് ഷാ പ്രസംഗിച്ച ബാബര്‍പൂര്‍ കലാപകാരികള്‍ അഴിഞ്ഞാടിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ്.

ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരും പിന്തുണയ്ക്കുന്നവരും തമ്മിലുളള ഏറ്റുമുട്ടലാണ് ഇത്തരത്തില്‍ വന്‍ വര്‍ഗീയ കലാപത്തിലേക്ക് വഴിമാറിയത്. ഈ കലാപം പൊടുന്നനെ ഉണ്ടായതല്ലെന്നും കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് എന്നുമാണ് കോണ്‍ഗ്രസ് അടക്കം ആരോപിക്കുന്നത്. ബിജെപി സര്‍ക്കാരിനെയാണ് കോണ്‍ഗ്രസ് പ്രതിക്കൂട്ടിലാക്കുന്നത്. കോണ്‍ഗ്രസ് മാത്രമല്ല ഇപ്പോള്‍ രാജ്യം മുഴുക്കെ ഈ സത്യം മനസ്സിലാക്കി കഴിഞ്ഞു. ഇതൊരു സംഘപരിവാര്‍ സ്പോണ്‍സേഡ് അക്രമം തന്നെയായിരുന്നു എന്നതിന് ഇനിയും കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ല. ഗുജറാത്തു വഴി അധികാരത്തിലെത്തിയ മോദിയും അമിത് ഷായും മറ്റൊരു ഗുജറാത്ത് കലാപം ഡല്‍ഹിയില്‍ നടപ്പാക്കാനുറച്ചു തന്നെയായിരുന്നു. അത് അവര്‍ക്ക് ഈയൊരു ഘട്ടത്തില്‍ അത്രമേല്‍ അനിവാര്യമായിരുന്നു. ഇതെല്ലാമിപ്പോള്‍ അറബ് രാഷ്ട്രങ്ങള്‍ക്കു പുറമേ അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ മനസ്സിലാക്കിയും കഴിഞ്ഞു. ഇനി രാജ്യത്തെ കത്തിച്ച് ചാമ്പലാക്കുന്ന രണ്ടേ രണ്ട് ദിനോസറുകളെ ആട്ടിപ്പായിക്കണമെങ്കില്‍ ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്കു വേണ്ടി കൈകോര്‍ക്കേണ്ടിയിരിക്കുന്നു. അതിലേക്കുള്ള ദൂരം ഇനിയധികില്ലെന്നു തന്നെയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യക്തമാകുന്നതും…

Vinkmag ad

Read Previous

ഇന്ത്യയില്‍ നടക്കുന്നത് വംശഹത്യ; കടുത്ത പ്രതിഷേധവുമായി അറബ് രാഷ്ട്രങ്ങള്‍: ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിഷേധം ഇന്ത്യയ്ക്ക് തിരിച്ചടിയാകും

Read Next

ബിജെപിയെ ഒഴിവാക്കാൻ നിതീഷ് കുമാർ; എൻആർസിക്കെതിരായ പ്രമേയത്തെ പിന്താങ്ങി

Leave a Reply

Most Popular