ഷാര്‍ജയില്‍ മരിച്ച പിഞ്ചുകുഞ്ഞിന്റെ മൃതദേഹം നാളെ നാട്ടിലെത്തും; മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചത് സുരേഷ് ഗോപിയുടെ ഇടപെടലില്‍

ഷാര്‍ജയില്‍ മരിച്ച നാലുവയസുകാരന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപടലുകള്‍ നടത്തി സുരേഷ് ഗോപി എംപി. മകന്റെ മൃതദേഹം നാട്ടില്‍ കൊണ്ടു പോയി മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടേയും ആഗ്രഹമാണ് സുരേഷ് ഗോപിയുടെ മുന്‍കയ്യില്‍ സാധ്യമായത്.

ഷാര്‍ജയില്‍ ഈ മാസം എട്ടിന് രക്താര്‍ബുദം ബാധിച്ച് മരിച്ച പാലക്കാട് തിരുവഴിയോട് ചങ്ങോത്ത് ഹൗസില്‍ കൃഷ്ണദാസ്ദിവ്യ ദമ്പതികളുടെ ഇളയമകന്‍ വൈഷ്ണവ് കൃഷ്ണദാസി(4)ന്റെ മൃതദേഹമാണ് നാളെ നാട്ടില്‍ എത്തുന്നത്. അല്‍ എന്‍ അല്‍ തവാം ആശുപത്രി മോര്‍ച്ചറിയില്‍ സൂഷിച്ചിരിക്കുന്ന മൃതദേഹം നാളെ ഉച്ചയ്ക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് എഎക്സ് 434 വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.

മകന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ ഈ രക്ഷിതാക്കള്‍ ഏറെ വാതിലുകള്‍ മുട്ടിയെങ്കിലും നടന്നില്ല. ദുബായിയില്‍ നിന്നും മൃതദേഹങ്ങള്‍ ചരക്ക് വിമാനങ്ങളില്‍ കൊണ്ടു പോകുന്നതറിഞ്ഞതോടെ ആ ശ്രമവും നടത്തിയെങ്കിലും പരാജയപ്പെട്ടു. ഷാര്‍ജയിലെ ജലവൈദ്യുത വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായ കൃഷ്ണ ദാസും കുടുംബവും കോയമ്പത്തൂരാണ് താമസിച്ചിരുന്നത്. അവിടെ നിന്നാണ് കൃഷ്ണദാസ് തനിക്കും കുടുംബത്തിനും പാസ്‌പോര്‍ട്ട് എടുത്തത്.

കൊറോണയെ തുടര്‍ന്ന് അന്യനാടുകളില്‍ കുടുങ്ങി പോയവരെ തിരിച്ചെത്തിക്കാനായി സര്‍ക്കാര്‍ ആരംഭിച്ച വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള പ്രത്യേക വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ അന്യ സംസ്ഥാനക്കാരെ കൊണ്ടു പോകാന്‍ സാധിക്കില്ലെന്നതിനാല്‍ വൈഷ്ണവിന്റെ മൃതദേഹം തമിഴ്‌നാട്ടിലേക്ക് മാത്രമെ കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിവരം അറിഞ്ഞ സുരേഷ് ഗോപി ഉടന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ടു. പിന്നീട് ഇവര്‍ അധികൃതരുമായി ബന്ധപ്പെട്ട് കുട്ടിയുടെ മൃതദേഹം ദുബായ്- കൊച്ചി വിമാനത്തില്‍ കൊണ്ടു പോകാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു.

Vinkmag ad

Read Previous

ബാങ്ക് വായ്പ മുഴുവൻ തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന് വിജയ് മല്യ; സർക്കാരിനെതിരെ പരിഹാസം കലർന്ന ട്വീറ്റ്

Read Next

ഉത്തര്‍പ്രദേശില്‍ ലോറികള്‍ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികള്‍ മരിച്ചു

Leave a Reply

Most Popular