സിഎഎ വിരുദ്ധ സമരം നടത്തിയ ഷാഹിന്‍ബാഗിലെ പ്രക്ഷോഭകാരികള്‍ മുട്ടുമടക്കി ബിജെപിയില്‍ ചേര്‍ന്നെന്ന സംഘപരിവാര്‍ കള്ളത്തരം പൊളിഞ്ഞു. ഷാഹിന്‍ബാഗ് സമരക്കാര്‍ മോദിഭക്തരായെന്ന പ്രചരണത്തിന്റെ ചൂടാറും മുമ്പാണ് തട്ടിപ്പ് പൊളിഞ്ഞത്.
ഷഹീന്‍ബാഗിലെ പൗരത്വ നിയമ വിരുദ്ധ സമരത്തിലെ നേതാവ് എന്ന നിലയില്‍ പ്രചരിപ്പിക്കുന്ന ഷഹ്സാദ് അലി ബി.ജെ.പി അനുകൂല സംഘടനയുടെ മുന്‍ നേതാവാണെന്നാണ് തെളിവുകള്‍ പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ഉലമ കൗണ്‍സിലിന്റെ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയായിരുന്നു ഷഹ്സാദ്. നേരത്തെ ഷഹ്സാദിന്റെ രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തി വിവരാവകാശപ്രവര്‍ത്തകനായ സാകേത് ഗോഖലെ രംഗത്തെത്തിയിരുന്നു. 2019 ലാണ് ഷഹ്സാദിനെ രാഷ്ട്രീയ ഉലമ കൗണ്‍സില്‍ സെക്രട്ടറിയായി നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി അനുഭാവി തന്നെയാണ് ഷഹിന്‍ഭാഗ് പ്രക്ഷോഭകാരിയെന്ന് പേരില്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് പുറത്തായതോടെ പുതിയ അടവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി.
കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന ഷഹ്സാദ് അലി പൗരത്വ നിയമത്തെ എതിര്‍ത്തിരുന്നില്ലെന്ന് ബി.ജെ.പി വക്താവ് നിഘാത് അബ്ബാസ് വെളിപ്പെടുത്തി. ‘ഷഹ്സാദ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചിട്ടില്ല. അദ്ദേഹം ഷഹീന്‍ബാഗ് നിവാസിയും സാമൂഹ്യപ്രവര്‍ത്തകനുമാണ്. അദ്ദേഹം പ്രതിഷേധത്തിനെതിരായിരുന്നു.’പ്രതിഷേധക്കാരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കാനാണ് ഷഹ്സാദ് ശ്രമിച്ചതെന്നും നിഘാത് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഷഹീന്‍ബാഗിലെ സമര തലവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന തരത്തിലായിരുന്നു പാര്‍ട്ടിവൃത്തങ്ങള്‍ പ്രചരിപ്പിച്ചത്. ദേശീയ മാധ്യമങ്ങളും ഇതേ തരത്തിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഷഹ്സാദ് അലിയെ സമരപന്തലില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് പ്രതിഷേധത്തില്‍ എല്ലാദിവസവും പങ്കെടുത്ത ഷഹാന്‍ബാഗ് വനിതാ വളന്റിയര്‍മാര്‍ പറയുന്നു.
‘പ്രതിഷേധത്തില്‍ ഭാഗമായ നിരവധി പേരില്‍ ഒരാള്‍ മാത്രമാണ് ഷഹ്സാദ് അലി’, സമരത്തിലെ വനിതാ വളന്റിയറായ കെഹ്കാഷ ന്യൂസ് 18 നോട് പറഞ്ഞു. സമരത്തില്‍ തുടക്കം മുതല്‍ അവസാനം വരെ ഉണ്ടായിരുന്ന ആളാണ് കെഹ്കാഷ. ഷഹ്സാദിനെ എല്ലാവര്‍ക്കും അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
