അയോധ്യയിലെ ഭൂമിപൂജയ്ക്ക് പിന്നാലെ വിഷയത്തിൽ പരാമർശവുമായി രാഹുല്‍ ഗാന്ധി. ശ്രീരാമന്‍ സ്നേഹമാണെന്നും അത് വെറുപ്പില്‍ പ്രകടമാകില്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ശ്രീരാമന്‍ കരുണയാണ്, അത് ക്രൂരതയില്‍ പ്രകടമാകില്ല. ശ്രീരാമന്‍ നീതിയാണ്, അത് അനീതിയില്‍ പ്രകടമാകില്ലെന്നും രാഹുല്‍.
ഭൂമി പൂജയ്ക്ക് ആശംസ നേര്‍ന്ന പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് വിവാദമായ സാഹചര്യത്തിലാണ് രാഹുലിന്‍റെ നിലപാട്. അയോധ്യ ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്‍റെ ട്വീറ്റ്.
40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത്. 175 പേർക്കായിരുന്നു ചടങ്ങിലേക്ക് ക്ഷണം. 2,000 പുണ്യസ്ഥലങ്ങളിൽ നിന്ന് മണ്ണും 1500 ഇടങ്ങളിൽ നിന്ന് വെള്ളവും ഭൂമി പൂജക്കായി എത്തിച്ചിരുന്നു. അയോധ്യയിലെ ശ്രീരാമ വിഗ്രഹമുള്ള താല്‍ക്കാലിക ക്ഷേത്രത്തിലെത്തി മോദി പൂജ നടത്തി. രാവിലെ 11.30ന് തന്നെ ചടങ്ങുകൾ ആരംഭിച്ചു.
കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തിൽ കോവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവര്‍ പങ്കെടുത്തു.
