ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച അവസരത്തിൽ തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സെന്റർ പ്രതിസന്ധിയിൽ. റേഡിയോളജി ലാബിൽ ജോലി ചെയ്തിരുന്ന ഡോക്ടർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൂടെ ജോലി ചെയ്ത മുപ്പതോളം ഡോക്ടർമാരാണ് നിരീക്ഷണത്തിലുള്ളത്. ഡോക്ടർമാർ അവധി എടുക്കണമെന്നാണ് നിർദേശം.
സ്‌പെയിനിൽ നിന്ന് വന്ന കാര്യം ഡോക്ടർ അറിയിച്ചിരുന്നുവെങ്കിലും ആശുപത്രിയിലെ ആന്റി ഇൻഫെക്ഷൻ സെൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. എന്നിരുന്നാലും വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ അദ്ദേഹം ആശുപത്രിയിൽ എത്തുകയായിരുന്നു.
പ്രധാന വകുപ്പുകളിലെ തലവൻമാരടക്കമുള്ള ഡോക്ടർമാർ നിരീക്ഷണത്തിലായതോടെ ആശുപത്രിയുടെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട് .ഇതെല്ലാം മറികടക്കുന്നതിന് ഉള്ള നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തര യോഗത്തിൽ ചർച്ചയാകും.
ഇതിനിടെ, ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഓഫീസ് വിശദീകരണം തേടി. മുന്‍കരുതലുകള്‍ എടുക്കുന്നതിലും രോഗനിര്‍ണയത്തിലും ആസ്പത്രി അധികൃതര്‍ക്ക് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ കേന്ദ്രവും വിശദാംശങ്ങള്‍ ശേഖരിച്ചു തുടങ്ങി.
ശനിയാഴ്ചയാണ് ശ്രീചിത്രയില്‍ നടന്ന പരിപാടിയില്‍ മുരളീധരന്‍ പങ്കെടുത്തത്. അന്ന് കൊറോണ സംബന്ധിച്ച ആശങ്കകളെക്കുറിച്ച് അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാരോട് തന്നെ അന്വേഷിച്ചിരുന്നതായി മുരളീധരന്‍ പറഞ്ഞു. ആസ്പത്രി സന്ദര്‍ശിച്ച സാഹചര്യത്തില്‍ യാത്രകള്‍ മാറ്റി വയ്ക്കണമോ എന്നും അന്വേഷിച്ചിരുന്നു.
എന്നാല്‍ അതിന്റെയൊന്നും ആവശ്യമില്ല എന്ന മറുപടിയാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ചത്. ഇതിനു പിന്നാലെയാണ് ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ആസ്പത്രി അധികൃതര്‍ക്ക് സംഭവിച്ച വീഴ്ചയില്‍ വി. മുരളീധരന്റെ ഓഫീസ് വിശദീകരണം തേടിയത്. സംഭവത്തില്‍ കേന്ദ്രവും വിശദാംശങ്ങള്‍ ശേഖരിച്ചു തുടങ്ങി.
