ശിവശങ്കറിന് നാളെ നിർണ്ണായകം; ചോദ്യം ചെയ്യലിൽ മതിയായ ഉത്തരമില്ലെങ്കിൽ അറസ്റ്റ്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനും പിണറായി സര്‍ക്കാരിനും നിര്‍ണായകമായ ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യല്‍ നാളെ. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍. അഭിഭാഷകരുമായി ആശയവിനിമയം നടത്തിയ ശിവശങ്കര്‍, ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ചു.

വീടുകളും ഫ്ലാറ്റുകളും ഉൾപ്പെടെ ഗൂഢാലോചനാ കേന്ദ്രങ്ങളിൽ പ്രതികളുമായി ഒത്തുകൂടിയതും സ്വപ്നയ്ക്ക് എടുത്തുനൽകിയ ഫ്ലാറ്റ് സ്വർണക്കടത്തിന് ഒളിത്താവളമായതും മുൻകൂർ അനുമതിയില്ലാതെ നടത്തിയ വിദേശയാത്രകളും അവിടത്തെ ദുരൂഹ ഇടപെടലുകളും പ്രതിചേർക്കാൻ വേണ്ട തെളിവുകളാണ്. വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റിൽ സ്വപ്നയെ ഐ.ടി ഇൻഫ്രാസ്ട്രക്ചറിൽ നിയമിക്കാൻ ശുപാർശചെയ്തതും ശിവശങ്കറാണ്. പക്ഷേ, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ഭീകരവിരുദ്ധ നിയമം (യു.എ.പി.എ) ചുമത്താൻ ശക്തമായ തെളിവുവേണം.

സ്വർണക്കടത്ത് ശിവശങ്കറിന്റെ അറിവോടെയായിരുന്നെന്ന് ഒന്നാംപ്രതി സരിത്തിന്റെ മൊഴിയുണ്ട്. മറ്റുപ്രതികളും ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തി. എന്നാൽ മറ്റുപ്രതികളെക്കുറിച്ച് താൻ പറഞ്ഞുള്ള അറിവുമാത്രമാണ് ശിവശങ്കറിനുണ്ടായിരുന്നതെന്നാണ് സ്വപ്നയുടെ മൊഴി. ഇത് അദ്ദേഹത്തെ രക്ഷിക്കാനുള്ള തന്ത്രമാണെന്നാണ് എൻ.ഐ.എ വിലയിരുത്തൽ. വിദേശത്ത് ഭീകരബന്ധമുണ്ടെന്ന് കണ്ടെത്തിയ റമീസുമായടക്കം ശിവശങ്കറിനുള്ള ബന്ധം പരിശോധിക്കുകയാണ്.

ശിവശങ്കറിനെ അറസ്റ്റ് ചെയ്താൽ അത് കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് കാരണമാകും. അതിനാൽ തന്നെ സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ നിർണ്ണായകമാണ് നാളെ നടക്കുന്ന ചോദ്യം ചെയ്യൽ. ശിവശങ്കറിനെ മാപ്പ് സാക്ഷി ആക്കിയേക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.

Vinkmag ad

Read Previous

ബാബരി പള്ളി തതര്‍ത്തതിന് ശിക്ഷ തൂക്കുകയറായാലും സ്വീകരിക്കുമെന്ന് ഉമാഭാരതി

Read Next

തമിഴ്നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു; കടുംകൈ സൈബർ ആക്രമണത്തിൽ മനംനൊന്ത്

Leave a Reply

Most Popular