യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ ആഴത്തിലുള്ള അന്വേഷണം നടത്താനാണ് എൻഐഎ ശ്രമിക്കുന്നത്. രാജ്യത്തിൻ്റെ അഭിമാനത്തെയും മറ്റുരാജ്യങ്ങളുമായുള്ള ബന്ധത്തെയുമൊക്കെ സ്വാധീനിക്കുന്ന അന്വേഷണമായതിനാൽ ഓരോചുവടും കരുതലേടെയാണ് നീക്കം.
മുഖ്യമന്ത്രിയുടെ മുൻ പ്രെെവറ്റ് സെക്രട്ടറി എം ശിവശങ്കർ തന്നെ കേസിൻ്റെ ഭാഗമായി ചോദ്യം ചെയ്യപ്പെടുമ്പോൾ അന്വേഷണത്തിനായി എത്തിയിരിക്കുന്ന ഉദ്യോഗസ്ഥരും അതേ നിലയിൽ പുലികളാണ്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന എന്‍ഐഎയുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയാണ് ഇതിൽ പ്രധാനി.
വന്ദനയും ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. അര്‍ജുന്‍ റാം മേഘ്വാല്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു തമിഴ് നാട് സ്വദേശിനി ആയ കെ ബി വന്ദന. അതുകൊണ്ടുതന്നെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഭീകരവാദ സംഘടനകളും എങ്ങനെ പ്രവർത്തിക്കുന്നെന്ന് കൃത്യമായി അറിയാൻ സാധിക്കും.
2004 ബാച്ച് രാജസ്ഥാൻ കേഡർ ഐ പി എസ് ഉദ്യോഗസ്ഥയാണ് കെ ബി വന്ദന. നോർത്ത് കരോലിനയിലെ അമേരിക്കൻ ഇന്റലിജൻസ് ട്രെയിനിംഗ് അക്കാദമിയിൽ ഭീകര വിരുദ്ധ ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കിയ ചുരുക്കം ചില വനിത ഐപിഎസ് ഉദ്യോഗസ്ഥരിൽ ഒരാൾ. കേരളത്തിലേക്കുള്ള സ്വർണക്കടത്തുകൾക്കു പിന്നിൽ ഭീകര സംഘടനകൾക്ക് പങ്കുണ്ടെന്ന് ഇന്റലിജൻസിനു വിവരം ലഭിച്ചിരുന്നു.
