മനുഷ്യന്റെ നന്മകളും സ്‌നേഹവും വര്‍ഗീയത എത്ര ആളികത്തിച്ചാലും ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് തെളിയിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഒരു കൂട്ടം മനുഷ്യര്‍. കോവിഡ് ഭീതിയില്‍ ലോകം ഉരുകുമ്പോഴും മനസിന് കുളിരേകുന്ന നന്മനിറഞ്ഞ വാര്‍ത്തകളും നമ്മെ തേടിയെത്തുന്നു. ബുലന്ദ്ഷഹര്‍ എന്ന ഉത്തര്‍ പ്രദേശിലെ ഗ്രാമം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കലാപങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിതാണ് അവിടെ നിന്നാണ് നന്മവറ്റാത്ത കഥകള്‍ വരുന്നത്.
അയല്‍വാസിയായ ഹിന്ദുമത വിശ്വാസി മരണപ്പെട്ടപ്പോള്‍ കോവിഡ് ഭിതിയില്‍ സംസ്‌ക്കാര കര്‍മ്മം നിര്‍വ്വഹിക്കാന്‍ ബന്ധുക്കള്‍ പോലും തയ്യാറായില്ല. പിതാവിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ക്കായി ആരും സഹായത്തിനെത്താതയതോടെ അയര്‍ക്കാരായ മുസ്ലീം ചെറുപ്പക്കാര്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഹൈന്ദവ വിശ്വാസിയുടെ ശവമഞ്ചം തോളിലേറ്റി, എല്ലാ അന്ത്യകര്‍മങ്ങളും പൂര്‍ത്തിയാക്കിയാണ് മുസ് ലിം യുവാക്കള്‍ മടങ്ങിയത്.
ബുലന്ദ്ഷഹറിലെ ആനന്ദ് വിഹാറിലാണ് രാജ്യത്താകെ മാതൃകയായ സംഭവമുണ്ടായത്. ദരിദ്ര കുടുംബത്തില്‍പെട്ട രവിശങ്കര്‍ എന്നയാളാണ് അര്‍ബുദരോഗത്തെ തുടര്‍ന്ന് ശനിയാഴ്ച മരണപ്പെട്ടത്. ഇവരുടെ കുടുംബം താമസിക്കുന്ന സ്ഥലത്ത് കൂടുതലും മുസ് ലിംകളാണ്. തുടര്‍ന്ന് രവിശങ്കറിന്റെ മകന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കുമെല്ലാം പിതാവിന്റെ മരണത്തെ കുറിച്ച് സന്ദേശം നല്‍കി.
എന്നാല്‍ ബന്ധുക്കള്‍ പോലുമെത്തിയില്ല. ഇതോടെ, മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് കുടുംബം ഏറെ ആശങ്കയിലായി. അപ്പോഴാണ് വിവരമറിഞ്ഞ് അയല്‍വാസികളായ മുസ് ലിം യുവാക്കള്‍ സഹായ ഹസ്തവുമായെത്തിയത്. കുടുംബത്തെ ആശ്വസിപ്പിച്ച ഇവര്‍ സംസ്‌കരിക്കാനാവശ്യമായ ശവമഞ്ചം തയ്യാറാക്കി. എല്ലാ മതാചാരങ്ങളും നടത്തിയ ശേഷം ശവമഞ്ചം തോളിലേറ്റി കാളി നദിയിലെ ശ്മശാനത്തിലെത്തിച്ചു. മൃതദേഹത്തില്‍ രവിശങ്കറിന്റെ മകന്‍ അഗ്‌നി പകര്‍ന്നു. ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം രവിശങ്കറിന്റെ മകനോടൊപ്പമാണ് യുവാക്കള്‍ വീട്ടിലേക്ക് മടങ്ങിയത്.
‘ഞങ്ങളുടെ മുസ് ലിംകളായ അയല്‍വാസികളെല്ലാം അന്ത്യകര്‍മങ്ങളില്‍ ഞങ്ങളെ സഹായിച്ചു. എല്ലാവരും വളരെയേറെ പിന്തുണയുമായെത്തി. ഞങ്ങള്‍ നാല് സഹോദരങ്ങളാണ്. ഞങ്ങളുടെ രണ്ട് സഹോദരിമാരും വിവാഹിതരാണ്. അതിനാല്‍ ഞാനും എന്റെ സഹോദരനും മാത്രമാണ് പരിപാലിക്കാന്‍ ഉണ്ടായിരുന്നതെന്നും രവിശങ്കറിന്റെ മകന്‍ പ്രമോദ് പറഞ്ഞു. ‘രവിശങ്കര്‍ ഞങ്ങളുടെ അയല്‍വാസിയാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ടു. അതിനുശേഷം ഞങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ തീരുമാനിച്ചു. പ്രദേശത്തെ എല്ലാ മുസ്ലിംകളും ഒത്തുകൂടി അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുവന്നു. മാനവികതയാണ് മറ്റെന്തിനെക്കാളും മുകളിലെന്നും അയല്‍വാസികളിലൊരാളായ മുഹമ്മദ് സുബൈര്‍ പറഞ്ഞു.
