ന്യൂഡല്‍ഹി:ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശം അനുവദിച്ചതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ അനുവദിക്കണോ എന്ന വിഷയത്തില്‍ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഇന്ന് 10.30ന് വിധി പറയും.
2018 സെപ്തംബര്‍ 29നാണ് ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച് അന്ന് ചീഫ്ജസ്റ്റിസായിരുന്ന ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എന്‍ ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രം വിയോജിച്ചപ്പോള്‍ നാല് ജഡ്ജിമാരും സ്ത്രീപ്രവേശത്തെ അനുകൂലിച്ചു. വിധിക്കെതിരെ 56 പുനഃപരിശോധനാ ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളുമാണ് സമര്‍പ്പിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനെ തുടര്‍ന്ന് പുതിയ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അഞ്ചംഗ ബെഞ്ചില്‍ ഉള്‍പ്പെട്ടു. മറ്റ് ജഡ്ജിമാര്‍ക്ക് മാറ്റമില്ല. തുറന്ന കോടതിയില്‍ ഫെബ്രുവരി ആറിന് വാദംകേട്ട ശേഷം വിധിപറയാന്‍ മാറ്റുകയായിരുന്നു. പന്തളം രാജകുടുംബം, ക്ഷേത്രം തന്ത്രി, എന്‍എസ്എസ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജികള്‍ അനുവദിക്കുകയോ തള്ളുകയോ എന്നതിനൊപ്പം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാനുള്ള സാധ്യതയുമുണ്ട്. ഹര്‍ജികള്‍ അനുവദിച്ചാല്‍ ശബരിമലയില്‍ 10നും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശം നിഷേധിക്കപ്പെടും. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നുവെന്നും ആചാരലംഘനം നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മഹേന്ദ്രന്‍ എന്നയാള്‍ ഹൈക്കോടതിക്ക് അയച്ച കത്താണ് മൂന്ന് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിന് തുടക്കംകുറിച്ചത്. കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ച ഹൈക്കോടതി സ്ത്രീപ്രവേശം പൂര്‍ണമായി വിലക്കി 1991 ഏപ്രില്‍ അഞ്ചിന് ഉത്തരവിട്ടു. ഇതിനെതിരെ സംഘപരിവാര്‍ അനുകൂലികളായ ഡല്‍ഹിയിലെ ഏതാനും അഭിഭാഷകര്‍ 2006ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിച്ച് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.
