വർഗ്ഗീയ കലാപം ലക്ഷ്യമിട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച് ബംഗാളിലെ ബിജെപി വൈസ് പ്രസിഡൻ്റും എംപിയുമായ അർജുൻ സിംഗ്. സംസ്ഥാനത്ത് ഒരു കാളി ക്ഷേത്രം പ്രത്യേക മതവിഭാഗത്തിലുള്ളവർ തീയിട്ട് നശിപ്പിച്ചെന്നായിരുന്നു അർജുൻ സിംഗിൻ്റെ പ്രചരണം.
പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ കാളി ക്ഷേത്രത്തിന് തീയിട്ടെന്നാണ് തൻ്റെ ട്വിറ്റർ അക്കൌണ്ടിലൂടെ അർജുൻ സിംഗ് പ്രചരിപ്പിച്ചത്. എന്നാല്‍ അങ്ങിനെ സംഭവമേ നടന്നിട്ടില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ പ്രതികരിച്ചു. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്ന് പോലിസും വ്യക്തമാക്കി. മതസ്പര്‍ധ സൃഷ്ടിക്കാന്‍ വ്യാജപ്രചാരണം നടത്തിയ എം.പിക്കെതിരെ നിയമ മടപടിയെടുക്കാനുള്ള നീക്കത്തിലാണ് പൊലിസ്.
‘ദീദിയുടെ രാഷ്ട്രീയത്തിന്റെ ജിഹാദി സ്വഭാവം ഇപ്പോള്‍ ഹിന്ദു മതത്തെയും സംസ്‌കാരത്തെയും നശിപ്പിക്കുകയാണ്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് പ്രദേശത്ത് ഒരു മതവിഭാഗം ഒരു ക്ഷേത്രത്തെ ആക്രമിക്കുകയും നശിപ്പിക്കുകയും മാ കാളിയുടെ വിഗ്രഹം കത്തിക്കുകയും ചെയ്തത് എങ്ങനെയെന്ന് കാണുക. ലജ്ജാകരം’- ഇതാണ് എം.പിയുടെ ട്വീറ്റ്.
ഇതിന് പിന്നാലെ ക്ഷേത്ര സെക്രട്ടറി തന്നെ അര്‍ജുന്‍ സിംഗിന്റെ വാദം തള്ളി രംഗത്തെത്തി. ആരും ക്ഷേത്രം തീയിടുകയോ വിഗ്രഹം കത്തിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ക്ഷേത്രം സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. അപകടത്തിലാണ് വിഗ്രഹം കത്തിയിരിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.
ആഗസ്റ്റ് 31 ന് രാത്രി ഞങ്ങളുടെ ക്ഷേത്രത്തിലെ കാളി വിഗ്രഹം കത്തി.ഞങ്ങളുടെ പ്രദേശത്തെ ഹിന്ദുക്കളും മുസ്‌ലിങ്ങളും അങ്ങേയറ്റം സൗഹാര്‍ദ്ദപരമായ ബന്ധത്തിലാണ്. ക്ഷേത്രം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.സംഭവത്തെ വളച്ചൊടിച്ച് വര്‍ഗീയ സ്വഭാവം നല്‍കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങളില്‍ പെട്ടുപോകരുതെന്നും പ്രസ്താവനയില്‍ അപേക്ഷിക്കുന്നുണ്ട്.
