ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള പുതുക്കിയ ഇളവുകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നഗരപരിധിക്ക് പുറത്തുള്ള കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.
എന്നാല്‍ ഷോപ്പിങ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. കടകളില്‍ 50 ശതമാനം ജീവനക്കാരേ പാടുള്ളൂ. ജീവനക്കാര്‍ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നഗരസഭാ, കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന കോര്‍പറേഷന്‍ ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലീഷ്മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള കടകളും ഒറ്റപ്പെട്ടുനില്‍ക്കുന്ന കടകളും പാര്‍പ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം.
വെള്ളിയാഴ്ച രാത്രിയോടെയാണ് മന്ത്രാലയം ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നിനാണ് അവസാനിക്കുക.
രാജ്യത്തെ കോളേജുകളിലെ അദ്ധ്യായന വർഷം തുടങ്ങുന്നത് വൈകിയേക്കുമെന്ന് സൂചന. കലാലയങ്ങളിലെ അദ്ധ്യായന വർഷം തുടങ്ങുന്നത് സെപ്തംബറിൽ മതിയെന്ന് യു.ജി.സി നിയോഗിച്ച സമിതി ശുപാർശ ചെയ്തു. ജൂലൈ മധ്യത്തിൽ തുടങ്ങേണ്ട അധ്യായന വർഷം ഒന്നര മാസം വൈകി ആരംഭിച്ചാൽ മതിയെന്നാണ് ശുപാർശ നൽകിയിട്ടുള്ളത്.
കോളേജുകൾക്കും ഐഐടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്. നിലവിൽ മുടങ്ങി കിടക്കുന്ന വാർഷിക പരീക്ഷകളും സെമസ്റ്റർ പരീക്ഷകളും ജൂലൈയിൽ നടത്താനും സമിതി നിർദേശിച്ചു. സമിതി നിർദ്ദേശത്തിൻമേൽ അന്തിമ തീരുമാനം എടുക്കേണ്ടത് യു.ജി.സി ആണ്. കൊവിഡ് വ്യാപനത്തെ തുടർന്നാണ് രാജ്യത്തെ കോളേജുകൾ അടച്ചിടാൻ തീരുമാനിച്ചത്.
