വ്യവസായശാലകളും നിർമ്മാണ ശാലകളും തുറക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി; ആദ്യ ആഴ്ചയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കണം

ലോക്ഡൗൺ പിൻവലിച്ചതിന് ശേഷം വ്യവസായശാലകളും നിർമ്മാണ ശാലകളും തുറക്കാനും പ്രവർത്തനം പുനരാരംഭിക്കാനുമുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

പൂട്ടിക്കിടക്കുകയായിരുന്നതിനാൽ ഫാക്ടറികള്‍ തുറക്കുമ്പോള്‍ മുന്‍കരുതല്‍ വേണമെന്ന് മാർഗരേഖയിൽ പറയുന്നു. ആദ്യ ആഴ്ചയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കണം. എല്ലാ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കണം.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. വ്യവസായ യൂണിറ്റ് പരസരത്തുള്ള ദുരന്തനിവാരണ സംവിധാനങ്ങളും സുരക്ഷാസൗകര്യങ്ങളും കാര്യക്ഷമമാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം. ജില്ലാ അതോറിറ്റികള്‍ ഇതുസംബന്ധിച്ച് പരിശോധനകള്‍ നടത്തണം.

ആദ്യ ആഴ്ച ട്രയല്‍ അല്ലെങ്കില്‍ ടെസ്റ്റ് റണ്‍ കാലയളവായിട്ടാണ് വ്യവസായ യൂണിറ്റുകള്‍ പരിഗണിക്കേണ്ടത്. യൂണിറ്റ് പുനരാരംഭിക്കുമ്പോള്‍ തന്നെ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും ഉറപ്പാക്കണം. തുടക്കത്തില്‍ തന്നെ ഉയര്‍ന്ന ഉത്പാദന ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കരുത്. അപകടസാധ്യത കുറയ്ക്കുന്നതിന് നിര്‍ദ്ദിഷ്ട ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ സംവേദനക്ഷമത പുലര്‍ത്തേണ്ടത് പ്രധാനമാണ്.

അസാധാരണമായ ശബ്ദം, മണം, ചോര്‍ച്ച, പുക അല്ലെങ്കില്‍ അപകടകരമായ മറ്റു അടയാളങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ തിരച്ചറിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കേണ്ടതുണ്ട്. പുനരാരംഭിക്കുന്ന ഘട്ടത്തില്‍ സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ഉപകരണങ്ങളും പരിശോധിക്കാനും നിര്‍ദേശമുണ്ട്.

അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ ഈ മേഖലയില്‍ വിദഗ്ധരും പരിചയസമ്പന്നരും ആയിരിക്കണം. ഒരു വ്യാവസായിക യൂണിറ്റ് തുറക്കുമ്പോള്‍ അത്തരം തൊഴിലാളികളെ വിന്യസിക്കുന്നതില്‍ വിട്ടുവീഴ്ച അനുവദിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖയില്‍ പറയുന്നു.

Vinkmag ad

Read Previous

റംസാനില്‍ നോമ്പെടുത്ത ഹിന്ദുകുടുംബത്തെ അധിക്ഷേപിച്ച് സംഘപരിവാര്‍ സൈബര്‍ ക്വട്ടേഷന്‍

Read Next

വന്ദേ ഭാരത് പദ്ധതിയിൽ നാണംകെട്ട് ഇന്ത്യ; തെറ്റിധരിപ്പിച്ചതിനാൽ വിമാനത്തിന് അനുമതി നിഷേധിച്ച് ഖത്തർ

Leave a Reply

Most Popular