കോവിഡ് ഭീതിയില്‍ ഉലയുന്ന അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് വൈറ്റ് ഹൗസിലും കോവിഡ് രോഗബാധിതരെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിചാരകരില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറിക്കും കൊറോണ സ്ഥികീകരിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാക്തമാക്കുന്നത്. കോവിഡ് വാര്‍ത്തകള്‍ പുറത്ത് വന്നതോടെ എല്ലാദിവസവും കോവിഡ് പരിശോധന നടത്തുകയാണ് ഡൊണാള്‍ഡ് ട്രംപ്.
യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറി കാറ്റി മില്ലറുടെ കൊറോണ ടെസ്റ്റാണ് പോസിറ്റീവായത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാക്കളില്‍ ഒരാളായ വൈറ്റ് ഹൗസിലെ ഇമിഗ്രേഷന്‍ ഉപദേഷ്ടാവ് സ്റ്റീഫന്‍ മില്ലര്‍ കാറ്റി മില്ലറുടെ ഭര്‍ത്താവാണെന്നതും വൈറ്റ് ഹൗസിലെ ആശങ്ക വര്‍ദ്ധിക്കുന്നതാണ്. രോഗ സ്ഥിരീകരണത്തിന് മുമ്പായി ട്രംപ് വെള്ളിയാഴ്ച റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
‘കേറ്റിയുമായി താന്‍ ബന്ധപ്പെട്ടിരുന്നില്ലെന്നും എന്നാല്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സമയം ചെലവഴിച്ചതിരുന്നതായും ട്രംപ് അറിയിച്ചു. എന്നാല്‍, മൈക്ക് പെന്‍സ് കോവിഡ് പരിശോധന നടത്തിയതായും അദ്ദേഹത്തിന് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ അടുത്ത പരിചാരകരില്‍ ഒരാള്‍ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ ട്രംപിനെ ഇന്നലെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. അണുബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വൈറ്റ് ഹൗസില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ട്രംപും പെന്‍സും മില്ലറുമായി അടുത്തിടെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
