കൊറോണ വൈറസ് പടർന്നുപിടിച്ചതിൽ ചൈനയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ലോകരാജ്യങ്ങളുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ ദിവസം ആസ്ട്രേലിയ കൂടി ഈ വിഷയത്തിൽ പ്രതികരിച്ചതോടെ ചൈനക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ).
വൈറസ് പടരുന്നതിൽ വുഹാൻ ചന്തയ്ക്കു പങ്കുണ്ടെന്നും ഇതെക്കുറിച്ചു കൂടുതൽ അന്വേഷണം വേണമെന്നും ലോകാരോഗ്യ സംഘടന. വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ചു സ്വതന്ത്ര അന്വേഷണം വേണമെന്ന ഓസ്ട്രേലിയയുടെ ആവശ്യത്തിനു പിന്നാലെയാണു ഡബ്ല്യുഎച്ച്ഒ നിലപാടു വ്യക്തമാക്കിയത്.
വൈറസിന്റെ ഉദ്ഭവസ്ഥാനമോ വർധനാകേന്ദ്രമോ ആകാം വുഹാൻ ചന്തയെന്ന് സംഘടനയുടെ ഭക്ഷ്യസുരക്ഷാ, വൈറസ് വിദഗ്ധൻ ഡോ. പീറ്റർ ബെൻ എംബാറെക് പറഞ്ഞു. ഇതിനിടെ, ലോകം മുഴുവൻ കോവിഡ് ബാധിച്ചതിനു കാരണം ചൈനയുടെ അബദ്ധമോ കഴിവില്ലായ്മയോ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഉദ്ഭവസ്ഥാനത്തുതന്നെ വൈറസിനെ തടയാമായിരുന്നു. അത് എളുപ്പമായിരുന്നു. എന്നാൽ ആരോ അവരുടെ ജോലി ചെയ്തില്ല. അതു ഗുരുതരമായെന്നും ട്രംപ് പറഞ്ഞു.
