രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ കേന്ദ്ര സർക്കാർ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടക്കുമ്പോൾ പ്രത്യേക സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
എട്ട് മേഖലകളിലാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയെന്ന് മന്ത്രി അറിയിച്ചു. മാത്രമല്ല ആദായനികുതി അടയ്ക്കാനുള്ള അവസാന തീയതി ജൂൺ 30വരെ നീട്ടി. ആദായനികുതി വൈകിയാൽ പിഴ പന്ത്രണ്ടിൽ നിന്ന് ഒമ്പത് ശതമാനമാക്കി. അതോടൊപ്പം ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30വരെ നീട്ടി.
സാമ്പത്തിക അടിയന്തരാവസ്ഥ ആവശ്യമില്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. കൂടാതെ എ.ടി.എമ്മുകളുടെ സർവീസ് ചാർജ് ഒഴിവാക്കി. ഏത് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും പണം പിൻവിലക്കാൻ സാധിക്കും. ഡെബിറ്റ് കാർഡുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴയില്ലെന്നും ധനമന്ത്രി അറിയിച്ചു.
എന്നാൽ കേന്ദ്രത്തിൻ്റെ പ്രഖ്യാപനങ്ങളൊന്നുംതന്നെ സാമ്പത്തികമായി തളരുന്ന ജനതയെ സംരക്ഷിക്കാൻ ഉപയുക്തമല്ലെന്ന് നിരീക്ഷകർ വിലയിരുത്തി. കൃത്യമായ സാമ്പത്തിക ഇടപെടലും പരിരക്ഷയും നടത്തിയാൽ മാത്രമേ ജനങ്ങളെ പിടിച്ച് നിർത്താൻ കഴിയൂ എന്നാണ് വിദഗ്ധർ പറയുന്നത്.
അതേസമയം, കൊറോണ വെെറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടു മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. മോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. രാജ്യത്ത് ഇതിനോടകം തന്നെ അഞ്ഞൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.
