വൈറസിനെ പിന്തുടർന്ന ധാരാവിയുടെ വിജയഗാഥ; ഏറ്റവും വലിയ ചേരി കോവിഡിനെ അതിജീവിക്കുന്നത് ഇങ്ങനെ

രാജ്യത്തെ മുഴുവൻ ആശങ്കയിലാഴ്​ത്തി​ അതിവേഗം കോവിഡ്​ പടർന്നു പിടിച്ച സ്ഥലമാണ് മുംബൈയിലെ ധാരാവി എന്ന ചേരിപ്ര​ദേശം. രണ്ടര കിലോമീറ്റർ പരിധിയിൽ പത്ത്​ ലക്ഷണത്തിനടുത്ത്​​ ആളുകൾ തിങ്ങിപ്പാർക്കുന്ന ചേരിയിൽ മഹാമാരി മരണ താണ്ഡവമാടുമെന്ന്​ തന്നെ രാജ്യം കണക്കുകൂട്ടി.

എന്നാൽ, ആസൂത്രിത കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളാൽ രോഗ വ്യാപനത്തിന്​ കടിഞ്ഞാണിട്ട വിജയ ഗാഥയാണ്​ ഇപ്പോൾ ധാരാവിക്ക് ലോകത്തോട്​ പറയാനുള്ളത്. ശാരീരിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സാധ്യമല്ലാത്ത ഒരിടത്തുനിന്നും കോവിഡിനെ തുരത്തിയത് വ്യക്തമായ പദ്ധതിയുലൂടെയാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി കോവിഡ് റെഡ് സോണില്‍നിന്ന് ഗ്രീന്‍സോണിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകാണ്. ലോകത്തെ വിറപ്പിച്ച മഹാമാരിയെ പിടിച്ചുകെട്ടാന്‍ പാടുപെടുന്ന വികസ്വര രാജ്യങ്ങള്‍ക്ക് ഒരു മാതൃക കൂടിയാണ് ഇപ്പോള്‍ ധാരാവി. മെയ് ആദ്യത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ കേസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. പകുതിയിലധികം രോഗികള്‍ രോഗമുക്തരായി. ഈ മാസം മരണങ്ങളുടെ എണ്ണവും കുറഞ്ഞു.

രോഗത്തിനായി കാത്തിരിക്കാതെ ‘വൈറസിനെ പിന്തുടരുക’ എന്ന സമീപനമാണ് ധാരാവിയിലെ നേട്ടത്തിനു കാരണമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുംബൈ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ കിരണ്‍ ദിഘവ്കര്‍ പറയുന്നു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുവരെ കാത്തിരിക്കുന്നതിനു പകരം വൈറസിനെ പിന്തുടരുക എന്നതായിരുന്നു ഏക പോംവഴി.

ഏപ്രില്‍ മുതല്‍ തന്നെ ചേരിനിവാസികളുടെ ശരീര താപനില പരിശോധിച്ചു തുടങ്ങിയിരുന്നു. ഇതിനായി ഉദ്യോഗസ്ഥര്‍ 47,500 ഓളം വീടുകള്‍ കയറിയിറങ്ങി. 700,000 ഓളം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. പനി ക്ലിനിക്കുകള്‍ സജ്ജീകരിച്ചു. രോഗലക്ഷണമുള്ളവരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.

തുടക്കത്തില്‍ കോവിഡ് ലക്ഷണമുള്ളവരുടെ എണ്ണം ഉയര്‍ന്നതില്‍ ഉദ്യോഗസ്ഥര്‍ ആശങ്കാകുലരായിരുന്നു. മരണങ്ങള്‍ പരിമിതപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. കര്‍ശനമായ ലോക്ഡൗണും പരിശോധനയും ധാരാവിയുടെ വിജയ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഒരാള്‍ക്ക് സുഖമില്ലെന്ന് കണ്ടാല്‍ അയാളെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലേക്കു മാറ്റും. മരണനിരക്ക് കുറയ്ക്കുന്നതിനും രോഗമുക്തരായവരുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും ഈ തന്ത്രം സഹായിച്ചു.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ധാരാവി നിവാസികളില്‍ 51% പേരും സുഖം പ്രാപിച്ചു. അതേസമയം, മുംബൈ നഗരത്തിന്റെ ആകെ കണക്കില്‍ 41% ആണ്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേരി നിവാസികളും ചേര്‍ന്നതോടെയാണ് കാര്യങ്ങള്‍ എളുപ്പമായതെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, വൈറസിനെതിരായ ധാരാവിയുടെ യുദ്ധം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vinkmag ad

Read Previous

തമിഴ്‌നാട്ടില്‍ നാല് ജില്ലകളിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ; 12 ദിവസം അടച്ചിടും

Read Next

ലഡാക്കിൽ അവസ്ഥ നിയന്ത്രണാതീതം..? കേന്ദ്രസർക്കാർ മൗനം ദുരൂഹം

Leave a Reply

Most Popular