കൊവിഡ് 19 വ്യാപനത്തിൽ ലോകം വിറങ്ങലിച്ച് നിൽക്കുന്ന സമയമാണ്. പല രാജ്യങ്ങളിലും നിയന്ത്രണാതീതമായ അവസ്ഥയാണ് ഉള്ളത്. ഇന്ത്യയിൽ സമ്പൂർണ്ണ അടച്ചിടൽ തുടങ്ങിയിട്ട് 12 ദിവസമായി. ഈ അവസരത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് വീഡിയോ സന്ദേശം നൽകുന്നത് ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രി പുതിയ പ്രഖ്യാപനങ്ങൾ നടത്തും എന്ന് പ്രതീക്ഷിച്ചിരുന്ന ജനങ്ങളെ നിരാശപ്പെടുത്തുന്നതായിരുന്നു മോദിയുടെ ദൃശ്യ സന്ദേശം. കഷ്ടപ്പെടുന്ന ജനങ്ങളെ അദ്ദേഹം സ്മരിച്ചെങ്കിലും അവർക്കായി പ്രത്യേക പദ്ധതിയൊന്നും ആവിഷ്ക്കരിച്ചില്ല.
മാത്രമല്ല ഒറ്റപ്പെട്ടു എന്ന് കരുതുന്ന ജനതയ്ക്ക് ശക്തിപകരാനെന്നോണം മോദി ആഹ്വാനം ചെയ്തിരിക്കുന്ന ഒൻപത് മിനിട്ട് ദീപം തെളിയിക്കൽ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസം നേരിടുകയാണ്. വൈദ്യുത വിളക്കണച്ച് ദീപമോ ടോർച്ചോ തെളിയിക്കുന്നത് മണ്ടത്തരമാണെന്ന വാദമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
