അഴിമതി കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന്‍ കുരുക്കിലേയ്ക്ക്.എസ്.എന്‍. കോളേജ് സുവര്‍ണജൂബിലി കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രൊസിക്യൂട്ട് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. വിശ്വാസവഞ്ചന അടക്കമുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. അന്വേഷണസംഘം ഇന്നലെ വൈകിട്ടാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിക്ക് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള അനുമതി അദ്ദേഹം നല്‍കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കൊല്ലം സി.ജെ.എം. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനമായത്.
1997-98 കാലയളവില്‍ കൊല്ലം എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താനായി എക്‌സിബിഷനും പിരിവും നടത്തി. ഈ പണമെല്ലാം കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. ഈ ഫണ്ട് വെള്ളാപ്പള്ളി നടേശന്‍ വകമാറ്റിയെന്നാണ് പരാതി. പതിനഞ്ച് വര്‍ഷമാണ് ക്രൈംബ്രാഞ്ച് ഈ കേസ് അന്വേഷിച്ചത്.
കൊല്ലം എസ്എന്‍ഡിപി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് പി. സുരേന്ദ്രബാബു ആയിരുന്നു പരാതി നല്‍കിയത്. 1997-98ല്‍ കൊല്ലം എസ്എന്‍ കോളജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 1.16 കോടി രൂപ വെള്ളാപ്പള്ളി തിരിമറി നടത്തിയെന്നാണ് സുരേന്ദ്രബാബുവിന്റെ ആരോപണം. സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഓഡിറ്റോറിയവും ലൈബ്രറി സമുച്ചയവും നിര്‍മ്മിക്കുന്നതിന് 1.16 കോടി രൂപ സമാഹരിച്ചിരുന്നുവെന്നും ഇത് വെള്ളാപ്പള്ളി തന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ഘട്ടങ്ങളായി പിന്‍വലിക്കുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ. ബി. വാജ്‌പേയി സമുച്ചയത്തിനായി തറക്കല്ലിട്ടിരുന്നു. എസ്എന്‍ ട്രസ്‌റിന്റെ 45-ാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ സമാഹരിച്ച പണം ട്രസ്‌റിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ട്രസ്‌റിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചുവെന്ന കാര്യം തെറ്റാണെന്ന് തെളിഞ്ഞതായി പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നാല് വകുപ്പുകളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 420, 403, 406, 409 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തി എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. വഞ്ചന, വിശ്വാസ വഞ്ചന, പൊതുപ്രവര്‍ത്തനത്തില്‍ ഇരുന്നുകൊണ്ടുള്ള വഞ്ചന തുടങ്ങിയ വകുപ്പുകളാണ് ഇപ്പോള്‍ വെള്ളാപ്പള്ളിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. വഞ്ചന നടത്തി എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കേസില്‍ തന്റെ വാദം കേട്ടില്ല എന്ന് വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. അതിനുശേഷം ഹൈക്കോടതി വെള്ളാപ്പള്ളി നടേശന്റെ വാദം കൂടി കേള്‍ക്കാനുള്ള നിര്‍ദ്ദേശം ക്രൈംബ്രാഞ്ചിന് നല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്റെ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതിനുശേഷമാണ് ഇപ്പോള്‍ അന്തിമകുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ കോടതിയിലെ രണ്ട് അഭിഭാഷകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച വരെ കോടതി അവധിയാണ്. ഈ സാഹചര്യത്തില്‍ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ നടന്നുവരികയാണ്
