വെറുപ്പിന്റെ രാഷ്ട്രീയം പ്രസരിപ്പിക്കുന്ന ഇന്ത്യയില്‍ കെജ്രിവാള്‍ പ്രതീക്ഷയാണെന്ന് ഡോ ബിജു

ഇന്ത്യയുടെ പ്രതീക്ഷയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളെന്ന് സംവിധായകന്‍ ഡോ ബിജു. അധികാരം ജനങ്ങളുടെ മേല്‍ അഹങ്കാരവും ഗര്‍വും കാണിക്കാനും അഴിമതിയ്ക്കും സ്വജന പക്ഷപാതത്തിനുമുള്ള ലൈസന്‍സായും രാജ്യത്തെ ഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും കാണുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി അധികാരത്തിലെത്തിച്ച ജനങ്ങളോടൊപ്പം സാധാരണക്കാരെ പോലെ പ്രവര്‍ത്തിക്കാനാണ് അരവിന്ദ് കെജ്രിവാള്‍ ശ്രമിച്ചതെന്ന് ഡോ ബിജു പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ അഹങ്കാരവും അധികാര മനോഭാവവും അഴിമതിയും അല്ല ഭരണകര്‍ത്താക്കള്‍ പുലര്‍ത്തേണ്ടത് മറിച്ച് ജനങ്ങള്‍ക്കൊപ്പം ലളിതമായി ജീവിക്കുകയും ഇടപെടുകയും ചെയ്യുക എന്നീ സന്ദേശങ്ങളാണ് കെജരിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കുന്ന സന്ദേശമെന്നും ഡോ ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാള്‍ പണി മാത്രം നിര്‍വഹിക്കുന്ന വിഡ്ഢികളുടെ ഒരു കൂട്ടമോ,വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്തുന്ന മനുഷ്യ വിരുദ്ധരുമല്ല വിദ്യാഭ്യാസമുള്ള. രാഷ്ട്രീയത്തെപ്പറ്റിയും വികസനത്തെപ്പറ്റിയും വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള ഒരു പറ്റം നേതാക്കള്‍ ആണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെജ്രിവാള്‍.. ഈ ഫാസിസ്റ്റ് കാലത്തെ ഇന്ത്യയില്‍ , ഈ അഴിമതികാലത്തെ ഇന്ത്യയില്‍, ഈ അധികാര മാടമ്പി മനോഭാവ കാലത്തെ ഇന്ത്യയില്‍ , വെറുപ്പിന്റെ രാഷ്ട്രീയം പ്രസരിപ്പിക്കുന്ന ഇന്ത്യയില്‍ നിങ്ങള്‍ വലിയൊരു പ്രതീക്ഷ ആണ്..

ഡോ ബിജുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ന്ത്യയുടെ പ്രതീക്ഷ ആണ് അരവിന്ദ് കെജ്രിവാള്‍ എന്ന നേതാവും മുഖ്യമന്ത്രിയും വ്യക്തിയും. അഴിമതിയുടെ ഒരു ആരോപണവും ഇല്ലാത്ത ഭരണം, അധികാരത്തിന്റെ ഗര്‍വ് ഇല്ലാതെ സാധാരണക്കാരനൊപ്പം നില്‍ക്കുന്ന ഭരണാധികാരി. സാധാരണക്കാരന്റെ പ്രശ്നങ്ങളില്‍ സജീവമായ ഇടപെടലുകള്‍.ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ , തുടങ്ങി നിരവധി മേഖലകളില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍. ഏറ്റവും പ്രധാനം ഞങ്ങള്‍ ഭരിച്ചപ്പോള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഗുണകരമാണെന്നു ജനങ്ങള്‍ക്ക് ബോധ്യമായാല്‍ മാത്രം ഞങ്ങള്‍ക്ക് വോട്ട് ചെയ്താല്‍ മതി, ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് ജനങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ട എന്ന് ജനങ്ങളോട് പറയാവുനുള്ള ധൈര്യം ഒരു മുഖ്യമന്ത്രി കാണിച്ചു എന്നുള്ളതാണ്. ഒരുപക്ഷേ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും ഇതിനു മുന്‍പോ ഇതിനു ശേഷമോ സ്വന്തം ഭരണകാലത്ത് ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം നോക്കി നിങ്ങള്‍ വോട്ട് ചെയ്താല്‍ മതി എന്നു ജനങ്ങളോട് ആവശ്യപ്പെടാന്‍ തക്ക ധൈര്യവും ആത്മവിശ്വാസവും ഉണ്ടാകാന്‍ സാധ്യത ഇല്ല..അതു തന്നെയാണ് അരവിന്ദ് കെജ്രിവാള്‍ എന്ന വ്യക്തിയുടെ ഗുണവും .ഭരണം ലഭിച്ചാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക , അവര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക എന്നതിലാണ് കെജ്രിവാള്‍ മന്ത്രിസഭ ശ്രദ്ധിച്ചത്.അധികാരം എന്നത് ജനങ്ങളുടെ മേല്‍ അഹങ്കാരവും ഗര്‍വും കാണിക്കാനുള്ള ഒന്നായും അഴിമതിയും സ്വജന പക്ഷപാതവും നടത്താനുള്ള ലൈസന്‍സായും രാജ്യത്തെ ഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും കാണുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി അധികാരത്തിലെത്തിച്ച ജനങ്ങളോടൊപ്പം സാധാരണക്കാരെ പോലെ പ്രവര്‍ത്തിക്കുകയും രാജ്യത്തെ സാധാരണക്കാരന് ഗുണകരമായ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കൂടുതലായി ഇടപെടുകയും ചെയ്യുക എന്ന രീതിയാണ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ചെയ്യുന്നത്.

കെജ്രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിനു നല്‍കുന്നത് കൃത്യമായും രണ്ടു സന്ദേശങ്ങള്‍ ആണ്. ഒന്ന് കോര്‍പ്പറേറ്റ് വികസനം അല്ല സാധാരണക്കാരന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ആണ് ഒരു സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. രണ്ട് അധികാരത്തിലെത്തിയാല്‍ അഹങ്കാരവും അധികാര മനോഭാവവും അഴിമതിയും അല്ല ഭരണകര്‍ത്താക്കള്‍ പുലര്‍ത്തേണ്ടത് മറിച്ച് ജനങ്ങള്‍ക്കൊപ്പം ലളിതമായി ജീവിക്കുക ഇടപെടുക എന്നതാണ്.. വിദ്യാഭ്യാസമുള്ള. രാഷ്ട്രീയത്തെപ്പറ്റിയും വികസനത്തെപ്പറ്റിയും വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള ഒരു പറ്റം നേതാക്കള്‍ ആണ് ഇന്ത്യയ്ക്ക് ആവശ്യം..അല്ലാതെ അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാള്‍ പണി മാത്രം നിര്‍വഹിക്കുന്ന വിഡ്ഢികളുടെ ഒരു കൂട്ടം അല്ല …വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്തുന്ന മനുഷ്യ വിരുദ്ധരും അല്ല….

കെജ്രിവാള്‍.. ഈ ഫാസിസ്റ്റ് കാലത്തെ ഇന്ത്യയില്‍ , ഈ അഴിമതികാലത്തെ ഇന്ത്യയില്‍, ഈ അധികാര മാടമ്പി മനോഭാവ കാലത്തെ ഇന്ത്യയില്‍ , വെറുപ്പിന്റെ രാഷ്ട്രീയം പ്രസരിപ്പിക്കുന്ന ഇന്ത്യയില്‍ നിങ്ങള്‍ വലിയൊരു പ്രതീക്ഷ ആണ്..സാധാരണക്കാരനൊപ്പം സൗമ്യനായി ചിരിച്ചു കൊണ്ട് നിലകൊള്ളുന്ന നിങ്ങള്‍ വലിയൊരു രാഷ്ട്രീയ പ്രതീകം കൂടിയാണ്…ജനാധിപത്യത്തിലുള്ള പ്രതീക്ഷ നില നിര്‍ത്തുന്നത് നിങ്ങളെപ്പോലെയുള്ള സാധാരണക്കാരായ അസാധാരണ മനുഷ്യര്‍ രാഷ്ട്രീയത്തില്‍ ഉള്ളത് കൊണ്ട് കൂടി ആണ്.

അരവിന്ദ് കെജ്രിവാള്‍…നിങ്ങളെ ഈ രാജ്യം ആവശ്യപ്പെടുന്നുണ്ട്.

Vinkmag ad

Read Previous

വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ മുന്‍ ഡിജിപി സെന്‍കുമാറിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്; ”ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ വിളക്കെണ്ണയില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കുന്നു”

Read Next

ബാബരി മസ്ജിദ് തകര്‍ത്ത പ്രതികള്‍ രാമക്ഷേത്ര ട്രസ്റ്റിന്റെ മുഖ്യഭാരവാഹികള്‍; അയോധ്യയില്‍ സംഘപരിവാര അജണ്ട പൂര്‍ത്തിയാകുന്നു

Leave a Reply

Most Popular