ഡൽഹിയിൽ മുസ്ലീം വിരുദ്ധ കലാപത്തിന് വിത്ത് പാകിയ വിദ്വേഷ പ്രസ്താവന ബിജെപി നേതാവായ കപിൽ മിശ്രയുടേതായിരുന്നു. പോലീസിൻ്റെ സാന്നിധ്യത്തിൽ കപിൽ മിശ്ര നടത്തിയ വിവാദ പ്രസ്താവനകളാണ് അണികൾ ഏറ്റെടുത്ത് കൊള്ളയും കൊള്ളിവയ്പ്പിലും എത്തിച്ചത്. ഇപ്പോൾ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് കപിൽ മിശ്ര.
ജാഫറാബാദ് ഒഴിപ്പിച്ചതോടെ ഇനി രണ്ടാം ശാഹീൻബാഗ് ഉണ്ടാവില്ലെന്നാണ് കപിൽ മിശ്ര ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിൽ ഖേദിക്കുന്നില്ലെന്നും മിശ്ര അഭിപ്രായപ്പെട്ടു. കാര്യങ്ങൾ കൂടുതൽ കുഴപ്പലിക്കാൻ കപിൽ മിശ്ര ശ്രമിക്കുന്നതായാണ് വിവരം.
ഇതിനിടെ ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തില്‍ കപിൽ മിശ്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രംഗത്തെത്തി. കപില്‍ മിശ്രയല്ല ഏത് പാര്‍ട്ടിക്കാരനായാലും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കണമെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു.
ഡല്‍ഹിയിലെ ജാഫ്രാബാദിനടുത്ത് മൗജ്പൂരില്‍ നടത്തിയ പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിയില്‍ വച്ച് മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ റോഡില്‍ നിന്ന് ഒഴിപ്പിച്ചില്ലെങ്കില്‍ തെരുവിലിറങ്ങി എന്തുചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് കപില്‍ മിശ്ര ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഡല്‍ഹി പോലീസിന് മൂന്ന് ദിവസത്തെ സമയം തരുന്നു. അതിനുള്ളില്‍ ജാഫ്രാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകള്‍ ഒഴിപ്പിച്ചിരിക്കണം. അതിന് ശേഷം ഞങ്ങളെ പറഞ്ഞുമനസിലാക്കാന്‍ വന്നേക്കരുത്. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കാന്‍ നിന്നുതരില്ല. മൂന്നേ മൂന്ന് ദിവസമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്- കപില്‍ മിശ്രയുടെ ഭീഷണി ഇങ്ങനെയായിരുന്നു.
