ലോകജനതയെ ഭീതിപ്പെടുത്തുന്ന കൊറോണ വൈറസിൽ നിന്നും രക്ഷ നേടാൻ പ്രധാനമന്ത്രി രാജ്യം മുഴുവൻ അടച്ചിടൽ പ്രഖ്യാപിച്ചെങ്കിലും അനുസരിക്കാതെ ബിജെപിക്കാർ തന്നെ രംഗത്തെത്തുകയാണ്. വീട്ടിലിരിക്കാൻ നരേന്ദ്രമോദി തന്നെ കൈ കൂപ്പി അഭ്യർത്ഥിച്ചെങ്കിലും കാര്യമുണ്ടാകുന്നില്ല.
മരുന്നിനും ഭക്ഷണത്തിനുമായിട്ടല്ലാതെ പുറത്തിറങ്ങേണ്ടതില്ലെന്നാണ് പൊതുവേ അടച്ചിടൽ സമയത്തെ നിബന്ധന. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തി ജനക്കൂട്ടമുണ്ടാക്കുകയാണ് ബിജെപിയിലെ പ്രമുഖ നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്.
ദേശീയ ലോക്ക്ഡൗ ണ്‍ പ്രഖ്യാപിച്ച് 12 മണിക്കൂര്‍ പിന്നിടും മുമ്പാണ് ബിജെപി നേതാവ് കൂടിയായ യോഗി ആദിത്യനാഥ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണച്ചടങ്ങില്‍ പങ്കെടുത്തത്. രാമവിഗ്രഹം ക്ഷേത്രത്തിലെ ടിന്‍ ഷെഡില്‍ നിന്ന് മാറ്റുന്ന ചടങ്ങിലാണ് അതിരാവിലെ തന്നെ യോഗി പങ്കെടുത്തത്.
രാമജന്‍മഭൂമി എന്ന് അവകാശപ്പെടുന്ന സ്ഥലത്ത് ഫൈബര്‍ കൊണ്ട് നിര്‍മിച്ച ഒരു താല്‍ക്കാലിക കെട്ടിടത്തിലേക്കാണ് രാമവിഗ്രഹം മാറ്റിയത്. ചൊവ്വാഴ്ച രാത്രി അയോധ്യയിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നവരാത്രി ആഘോഷത്തിന്റെ ആദ്യദിവസം തന്നെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമിടുമെന്ന് ട്വീറ്റ് ചെയ്തിരുന്നു.
