വിഷമകാലത്തും റംസാനിൽ മാതൃകയാകാൻ പെൻ്റാ മേനക; ബുദ്ധിമുട്ടുന്ന പ്രവാസികളെ എത്തിക്കാൻ വിമാനം ചാർട്ട് ചെയ്യുന്നു

എറണാകുളത്തെ പെൻ്റാ മേനക എന്ന ഷോപ്പിംഗ് സമുച്ഛയം ഈ റംസാൻ നാളിൽ കനിവിൻ്റെ പുതിയ മാതൃക എഴുതിച്ചർക്കുകയാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൊബൈൽ ഫോണും വാങ്ങാനായി ഏറ്റവും കൂടുതൽ ആളുകളെത്തുന്ന ഇവിടെ മറ്റൊരു കാര്യത്തിനായി കൂടി ഇനി അറിയപ്പെടും.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം നാട്ടിലെത്താൻ കഴിയാതെ കുഴങ്ങുന്ന പ്രവാസികൾക്ക് കൈത്താങ്ങാകാൻ ഒരുങ്ങുകയാണ് പെൻ്റാ മേനക. ലോക്ക്‌ഡൗൺ കാലം വരുത്തിവെച്ച നഷ്ടങ്ങൾക്കിടയിലും റമദാൻ മാസത്തിൽ പ്രവാസികൾക്കായി പ്രത്യേക വിമാനം ചാർട്ടർ ചെയ്യാന്‍ ശ്രമിക്കുകയാണ് പെൻ്റാ മേനക.

പെൻ്റാ മേനക ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരികളുടെ സംഘടന  ഇതിനായി 25 ലക്ഷം രൂപയോളം സമാഹരിച്ചു നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചേർന്ന പെന്റാ മേനക ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ യോഗത്തിലാണ് ദുബായില്‍ നിന്നു വിമാനം ചാർട്ടർ ചെയ്യാന്‍ ധാരണയായത്.

ടിക്കറ്റ് എടുക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത നിരവധി പേർ ദുബായിൽ ഉള്ള ഇന്ത്യൻ കോൺസിലേറ്റിൽ പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനാലാണ് ഇത്തരമൊരു ഉദ്ധ്യമത്തിനായി മുന്നിട്ടിറങ്ങുന്നതെന്നും അസോസിയേഷൻ വ്യക്തമാക്കി. ഇതിനായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

എറണാകുളം മറൈന്‍ ഡ്രൈവിലെ പെന്റാ മേനക ഷോപ്പിങ് കോംപ്ലക്സില്‍ ആയിരത്തിലധികം പേര്‍ ജോലിചെയ്യുന്നുണ്ട്. 265 കടകളാണു കോംപ്ലക്സിലുള്ളത്. ഇതില്‍ 80 ശതമാനത്തോളവും മൊബൈല്‍ ഷോപ്പുകളാണ്. എറണാകുളത്തെ ആദ്യകാല തിയേറ്ററുകളിൽ ഒന്നായ ‘മേനക’ തിയേറ്റർ ഇരുന്ന സ്ഥലമാണ് പിന്നീട് പെൻ്റ മേനകയായി മാറിയത്.

തങ്ങളുടെ നഷ്ടങ്ങൾക്കിടയിലും ഗൾഫിൽ നിന്നും നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വേദനകൾക്കും കഷ്ടപ്പാടുകൾക്കും സാന്ത്വനമാവാൻ തയ്യാറാവുകയാണ് ഈ വ്യാപാരികൾ. ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്ത് ദുബായില്‍നിന്ന് യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള മുഴുവന്‍ ചെലവുകളും വഹിക്കാമെന്ന് അവിടുത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിച്ചതായി പെന്റ മേനക ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി യാസിര്‍ അറാഫത്ത് പറഞ്ഞു.

ഇരുന്നൂറില്‍ താഴെ യാത്രക്കാരുള്ള വിമാനമാണ് അസോസിയേഷന്‍ ചാർട്ടർ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇതിനു 25 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണു പ്രതീക്ഷിക്കുന്നത്. ആരെയൊക്കെ കൊണ്ടുവരണമെന്ന കാര്യത്തില്‍ അസോസിയേഷന്‍ ഇടപെടില്ല. അത് തീരുമാനിക്കുന്നതു കോണ്‍സുലേറ്റായിരിക്കുമെന്നു യാസിര്‍ പറഞ്ഞു.

Vinkmag ad

Read Previous

ലോക്ക് ഡൗണ്‍ ലംഘിച്ച് ആർഎസ്എസ് നേതൃത്വത്തിൽ ഭാഗവത പാരായണം; ബിജെപി സംസ്ഥാന സമിതി അംഗമടക്കം നാലുപേർ പിടിയിൽ

Read Next

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പോലീസ് കേസെടുത്തു

Leave a Reply

Most Popular