വിവാദ വ്യവസായികളുടേത് ഉൾപ്പെടെ അറുപ്പത്തെണ്ണായിരം കോടി രൂപയുടെ വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി; വിവരം പുറത്ത് വിട്ട് ആർബിഐ

വിവാദ ഡയമണ്ട് വ്യാപാരി മെഹുല്‍ ചോക്‌സിയുള്‍പ്പെടെയുള്ള വീഴ്ച വരുത്തുന്നതായി കണക്കാക്കപ്പെട്ട 50 പേരുടെ 68,607 കോടി രൂപയുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന് വെളിപ്പെടുത്തൽ.

പ്രശസ്ത വിവരാവകാശ പ്രവർത്തകനായ സാകേത് ഗോഖലെ നൽകിയ അപേക്ഷയിൽ റിസര്‍വ് ബാങ്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെബ്രുവരി 16ന് നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.

ചോക്‌സി ഉള്‍പ്പെടെയുള്ള 50 പേരുടെ പേരിലുള്ള വായ്പകളുടെ നിജസ്ഥിതിയെന്താണെന്നാണ് താന്‍ അന്വേഷിച്ചതെന്നും ആര്‍ബിഐയുടെ മറുപടിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്നും സാകേത് ഗോഖലെ പറയുന്നു.

ചോക്‌സിയുടെ വിവാദ കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന് 5,492 കോടി രൂപ കുടിശ്ശികയുണ്ട്. മറ്റ് ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡ് എന്നിവയും 1,447 കോടി രൂപയും 1,109 കോടി രൂപയും വായ്പയെടുത്തു. എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലുള്ള സന്ദീപ് ജുജുന്‍വാലയുടെ സ്ഥാപനമായ ആര്‍.ഇ.ഐ അഗ്രോ ലിമിറ്റഡ് എന്ന സ്ഥാപനമാണ് രണ്ടാമത്തെ വലിയ വായ്പാ കുടിശ്ശികക്കാരന്‍. 4,314 കോടിയാണ് വായ്പാ കുടിശ്ശിക.

രാജ്യം വിട്ട മറ്റൊരു രത്‌നവ്യാപാരിയായ ജെയതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്‌സിന് 4,076 കോടിയാണ് വായ്പാ കുടിശ്ശിക. റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്, കുഡോസ് കെമി, ബാബാ രാംദേവ് ആന്‍ഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ രുചി സോയ ഇന്‍ഡസ്ട്രീസ്, സൂം ഡെവലപ്പേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ 2000 കോടിക്ക് മുകളില്‍ വായപാ കുടിശ്ശികയുള്ളവരാണ്.

1000 കോടിക്ക് മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയതില്‍ 18 കമ്പനികളാണുള്ളത്. ഇതില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈനുമുണ്ട്. 1000 കോടിക്ക് താഴെ കുടിശ്ശിക വരുത്തിയ 25 സ്ഥാപനങ്ങളുമുണ്ട്.

Vinkmag ad

Read Previous

കടബാധ്യതയില്‍ കുടുങ്ങി ഗള്‍ഫില്‍ നിന്ന് മുങ്ങിയ ബി ആര്‍ ഷെട്ടി സംഘപരിവാര്‍ സംഘടനകളുടെ പ്രധാനി

Read Next

പ്രമുഖ നടൻ ഇർഫാൻ ഖാൻ അന്തരിച്ചു; അഭിനയ പ്രതിഭ കീഴടങ്ങിയത് അർബുദത്തിന്

Leave a Reply

Most Popular