പ്രതിനായക വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയനായ തമിഴ് നടൻ പൊന്നമ്പലം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്നാണ് പൊന്നമ്പലം ചികിത്സയിൽ കഴിയുന്നത്.
അത്യാഹിത വിഭാഗത്തിൽ കഴിയുന്ന പൊന്നമ്പലത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനെത്തുടർന്ന് പൊന്നമ്പലത്തിന്റെ ചികിത്സാ ചിലവുകൾ നടൻ കമൽഹാസൻ ഏറ്റെടുത്തു. പൊന്നമ്പലത്തിൻ്റെ വീഡിയോ ശ്രദ്ധയിൽപെട്ട കമൽ ഉടൻ തന്നെ നടനുമായി ബന്ധപ്പെടുകയായിരുന്നു.
കമലിന്റെ ടീം നിരന്തരം പൊന്നമ്പലത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആശുപത്രിയുമായി ബന്ധപ്പെടുന്നുണ്ട്. ഇത് കൂടാതെ പൊന്നമ്പലത്തിന്റെ രണ്ട് മക്കളുടെ ചികിത്സാ ചിലവും കമൽഹാസൻ ഏറ്റെടുത്തിട്ടുണ്ട്.
സ്റ്റണ്ട് മാൻ ആയി സിനിമാ രംഗത്തെത്തിയ പൊന്നമ്പലം, കമൽഹാസന്റെ അപൂർവ സഹോദരങ്ങളിലൂടെയാണ് അഭിനേതാവ് ആകുന്നത്. പിന്നീട് രജനീകാന്ത്, അജിത്ത്, വിജയ് തുടങ്ങിയവരുടെ സിനിമകളിൽ വില്ലന്‍ വേഷത്തിലെത്തി. മലയാളത്തിലും അനേകം സിനിമകളിൽ അഭിനയിച്ചു. ജയം രവിയുടെ കോമാളി സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർഥിയായും പൊന്നമ്പലം എത്തി. ആ പരിപാടി അവതരിപ്പിച്ചത് കമൽഹാസൻ ആയിരുന്നു.
