വിമാനാപകടം: രക്ഷാപ്രവർത്തകർക്ക് സല്യൂട്ട് നൽകിയ പോലീസുകാരനെതിരെ നടപടി; ആദരം ചട്ടപ്രകാരമല്ലെന്ന് റിപ്പോർട്ട്

കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിക്കുന്നതിനായി പോലീസുകാരൻ സല്യൂട്ട് നൽകിയ ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രത്തിലുള്ള ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി ഉണ്ടാകുമെന്ന് റിപ്പോർട്ട്

രക്ഷാപ്രവർത്തകർ നിലവിൽ  നിരീക്ഷണത്തിലാണ്.  ഇവർ നിരീക്ഷണത്തിൽ കഴിയുന്ന സ്ഥലങ്ങളിൽ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ  പൊലീസ് എത്തി സല്യൂട്ട് നൽകി ആദരിച്ചു എന്നാണ് പ്രചരിക്കുന്ന ഫോട്ടോയും അടിക്കുറിപ്പും.

എന്നാൽ അത്തരമൊരു നടപടി ഔദ്യോഗികമായി ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. കൊണ്ടോട്ടി, കരിപ്പൂർ പോലീസ് സ്റ്റേഷനുകൾ ഇങ്ങനെ ഒരു ആദരത്തെ പറ്റി അറിഞ്ഞിട്ടു പോലും ഇല്ലെന്ന് വിശദീകരിക്കുന്നു.ഫോട്ടോയിൽ സല്യൂട്ട് നൽകുന്ന പൊലീസുകാരൻ മലപ്പുറം കൺട്രോൾ റൂമിൽ ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥൻ ആണ്. ഇദ്ദേഹം അപകട സമയത്ത് കരിപ്പൂരിൽ ഡ്യൂട്ടി ചെയ്തിരുന്നു.

എന്നാൽ ഇങ്ങനെ ഒരു ആദരം നൽകാൻ ഇദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് മലപ്പുറത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അദ്ദേഹം സ്വയം അത്തരം ഒരു കാര്യം ചെയ്യുക ആയിരുന്നു എന്നാണ് ഇവർ പറയുന്നത്.കൊണ്ടോട്ടിയിലെ രക്ഷാപ്രവർത്തകർ എല്ലാ അർത്ഥത്തിലും ആദരം അർഹിക്കുന്നവരാണ്. പക്ഷേ ഒരു പൊലീസുകാരൻ യൂണിഫോമിൽ സല്യൂട്ട് നൽകാൻ ചട്ടം അനുവദിക്കുന്നില്ല.

ഈ സാഹചര്യത്തിൽ സല്യൂട്ട് നൽകിയ പൊലീസുകാരനെതിരെ നടപടി ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊണ്ടോട്ടി സിഐക്ക് മലപ്പുറം എസ് പി യു അബ്ദുൽ കരീം നിർദേശം നൽകിയിട്ടുണ്ട്.

Vinkmag ad

Read Previous

കോവിഡ് : കേരളത്തിൽ പുതുതായി 1,211 കേസുകൾ :സമ്പര്‍ക്കത്തിലൂടെ 1026 പേര്‍ക്ക് രോഗം

Read Next

ട്രംപിന്റെ വാർത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിനു പുറത്ത് വെടിവയ്പ്പ്; അക്രമി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

Leave a Reply

Most Popular