ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച കൊറോണ ബാധിതനെ വിമാനത്തിൽ നിന്ന് പിടികൂടി. കൊറോണ രോഗം സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷുകാരനാണ് വിമാനത്തില്‍ പോകാനെത്തിയത്. ഇയാൾക്കൊപ്പം 19 അംഗ സംഘവും ഉണ്ടായിരുന്നു.
വിമാനത്തിൽ നിന്നും ഇയാളെയും ഭാര്യയെയും ആശുപത്രിയിലേക്കു മാറ്റി. യുകെ സംഘത്തെയും ഒഴിവാക്കി ബാക്കി യാത്രക്കാരുമായി വിമാനം പുറപ്പെട്ടു. വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
19 അംഗ സംഘം ഒഴികെയുള്ള യാത്രക്കാരെ കൊണ്ടുപോകാൻ വിമാനക്കമ്പനി തയാറാകുകയായിരുന്നു. ഒരു യാത്രക്കാരൻ സ്വമേധയാ യാത്രയിൽ നിന്നൊഴിവായി. ബ്രിട്ടിഷ് പൗരൻ പോയവഴികളും വിമാനത്താവളവും അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയായി. ജില്ലാ കലക്ടർ എസ്. സുഹാസ്, മന്ത്രി സുനിൽ കുമാർ എന്നിവർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മൂന്നാറിൽ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുൾപ്പെട്ടയാളാണു യുകെ പൗരൻ. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. ക്വാറന്റീനിൽ ആയിരുന്ന ഇയാൾ അധികൃതരെ അറിയിക്കാതെയാണ് സംഘത്തോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ഇന്ന് രാവിലെ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള വിമാനമായിരുന്നു ലക്ഷ്യം. ഇയാൾ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതർ വിമാനത്തിൽ കയറ്റിവിടുകയും ചെയ്തു.
സ്രവപരിശോധനാ ഫലത്തിൽ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ വിമാനത്തിൽ കയറിയെന്നു കണ്ടെത്തിയത്. തുടർന്ന് തിരിച്ചിറക്കി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
