വിമത എംഎൽഎമാരുമായി കരാറുണ്ടാക്കാനാകാതെ ബിജെപി; അയോഗ്യരാക്കാനുള്ള നീക്കം ശക്തമാക്കി കമൽനാഥ്

മധ്യപ്രദേശില്‍ നിന്നുള്ള വിമത എംഎല്‍എമാരെ ബിജെപി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന ആരോപണം ഉയരുകയാണ്. കർണാടകയിൽ ഇവരെ കാണാനെത്തിയ രണ്ട് മധ്യപ്രദേശ് മന്ത്രിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ബലം പ്രയോഗിച്ച് മൊബൈൽ ഫോണുകളടക്കം പിടിച്ചെടുത്തതായും മന്ത്രിമാർ വെളിപ്പെടുത്തി.

മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് കാലുമാറിയതിനെ തുടർന്ന് രാജിവച്ച 22 വിമത എം.എൽ.എമാരിൽ ആറു മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്പീക്കർ എൻ.പി.പ്രജാപതിക്ക് കത്ത് നൽകി. ബിജെപിയെ കുഴക്കുകയാണ് കോൺഗ്രസിൻ്റെ ഈ ഇടപെടൽ.

രാജിവച്ച മന്ത്രിമാരുമായുള്ള കരാർ ഉറപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്. കർണാടകയിലെപ്പോലെ രാജിവച്ച എല്ലാപേർക്കും മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഉയർന്നാൽ ബിജെപി കെണിയിലാകും. എഎൽഎമാർ ഇപ്പോഴും ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ഉറച്ചു നിൽക്കുകയാണ്.

അതേസമയം, ന്യൂനപക്ഷമായ കമൽനാഥ് സർക്കാരിനെതിരെ നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബി. ജെ. പിയും ഒരുങ്ങുന്നു. വിമതരെ ബി. ജെ. പി ബംഗളുരുവിൽ ബന്ദികളാക്കിയിരിക്കയാണെന്നും അവരെ മോചിപ്പിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോൺഗ്രസും പ്രഖ്യാപിച്ചു.

ആറ്മന്ത്രിമാരെ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ 191(2) അനുച്ഛേദം പ്രകാരം അയോഗ്യരാക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാംഗമോ നിയമസഭാ കൗൺസിൽ അംഗമോ പാർട്ടി അംഗത്വം ഉപേക്ഷിക്കുകയോ പാർട്ടി വിപ്പ് ലംഘിക്കുകയോ ചെയ്താൽ അയോഗ്യനാക്കാമെന്നാണ് ചട്ടം.

അതേസമയം, എം.എൽ.എമാർ ഇ-മെയിലൂടെയാണ് രാജിക്കത്ത് അയച്ചതെന്നും നേരിട്ട് രാജി സമർപ്പിച്ചാലേ പരിഗണിക്കൂവെന്നും സ്പീക്കർ വ്യക്തമാക്കി. 22 വിമതരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ സഭയിലെ കേവല ഭൂരിപക്ഷം 104 ആയി കുറയും. 107 എം.എൽ.എമാരുള്ള ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാം. കോൺഗ്രസിന് 92 പേരേ ഉള്ളൂ.

Vinkmag ad

Read Previous

അമേരിക്കന്‍ പ്രസിണ്ടന്റ് ട്രംപിനൊപ്പം ഫോട്ടോയ്ക്ക് നിന്ന ബ്രസിലിയന്‍ പ്രസ് സെക്രട്ടറിയ്ക്ക് കൊറോണ; വൈറ്റ് ഹൗസ് ഞെട്ടലില്‍

Read Next

ദേവനന്ദയുടെ മരണം: ശാസ്ത്രീയ പരിശോധന ഫലം പുറത്ത്; വെള്ളവും ചെളിയും ഉള്ളിൽ ചെന്നു മരിക്കാൻ ഇടയാകുന്ന സാഹചര്യം

Leave a Reply

Most Popular