ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് മുസ്ലീങ്ങള്‍ കടന്നുവരുന്നത് യു.പി.എസ്.സി ജിഹാദാണെന്ന് ആരോപിച്ച് വിദ്വേഷ പ്രചാരണം നടത്തിയ സുദര്‍ശന ടി.വി മേധാവിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജാമിയമില്ലിയ യുണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കി. ഈ പരിപാടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു.
വെള്ളിയാഴ്ച എട്ട് മണിക്കാണ് പരിപാടിയുടെ സംപ്രേക്ഷണം തീരുമാനിച്ചിരുന്നത്. സമീപകാലത്ത് ഐ.എ.എസ്, ഐ.പി.എസ് തസ്തികകളില്‍ മുസ്ലീം വിഭാഗക്കാര്‍ കൂടി വരികയാണെന്നും ഇതിന് പിന്നില്‍ യു.പി.എസ്.സി ജിഹാദാണെന്നും ആരോപിച്ചായിരുന്നു വിദ്വേഷ പ്രചാരണം. ആര്‍.എസ്.എസ് അനുഭാവം പുലര്‍ത്തുന്ന സുരേഷ് ചവങ്കെയാണ് പരിപാടി അവതരിപ്പിക്കുന്നത്. പരിപാടിയുടെ പ്രമോഷന്‍ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
അഖിലേന്ത്യാ സര്‍വീസുകളായ ഐ.പി.എസ്, ഐ.എ.എസ് തസ്തികകളില്‍ മുസ്ലീം സാന്നിധ്യം കൂടുതലാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. ജാമിയ ജിഹാദിലൂടെ ഇവരൊക്കെ ഉയര്‍ന്ന തസ്തികകളില്‍ എത്തിയാല്‍ രാജ്യത്തിന്റെ ഗതിയെന്താകും – സുരേഷ് ചവെങ്ക പറഞ്ഞു.
ഇയാളുടെ വിദ്വേഷ പ്രചാരണത്തിനെതിരെ നേരത്തെ ഐ.പി.എസ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. അഖിലേന്ത്യാ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെക്കുറിച്ച് സുദര്‍ശന ടി.വിയില്‍ ഒരു വാര്‍ത്ത വന്നിട്ടുണ്ട്. വര്‍ഗീയത നിറഞ്ഞ ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന് ഉദാഹരമാണ് ഇത് എന്ന് ഐ.പി.എസ് അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.
