വിദ്വേഷപ്രസ്താവനകള്‍ കൊണ്ട് ട്വീറ്റുകള്‍ നിറഞ്ഞതോടെ മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി എംപിയുമായി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തതില്‍ പ്രകോപിതനായ ബിജെപി നേതാവ് ട്വിറ്ററിനെ ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യവുമായി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.
അക്കൗണ്ട് ബ്ലോക്ക് ചെയ്ത ട്വിറ്റര്‍ അധികൃതര്‍ ഇന്ത്യയ്ക്ക് വിരുദ്ധ നയമാണ് സ്വീകരിക്കുന്നതെന്നും ഇത്തരം വന്‍കിട കമ്പനികളുടെ ഡിജിറ്റല്‍ കോളനിവത്കരണം തടയണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടത്.
വിവരങ്ങളില്‍ മതേതരത്വവും സുതാര്യതയും ഉറപ്പാക്കാനും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഇന്ത്യ സ്വന്തമായി ട്വിറ്ററിന് ബദലായി മൈക്രോ ബ്ലോഗിങ് സൈറ്റ് ആരംഭിക്കണമെന്നും ഹെഗ്ഡെ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കലിസ്ഥാന്‍ മുന്നേറ്റത്തിനെതിരെയും ഇന്ത്യയില്‍ തബ്ലീഗ് ജമാഅത്തിന് രഹസ്യ അജണ്ടയുണ്ടെന്നുമുള്ള തരത്തില്‍ അനന്ത് കുമാര്‍ ഹെഗ്ഡെ നടത്തിയ ട്വിറ്റുകളെ തുടര്‍ന്നാണ് ട്വിറ്റര്‍ അധികൃതര്‍ അക്കൗണ്ട് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തത്. നിയമം ലംഘിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്.
എന്നാല്‍, വാദങ്ങളെല്ലാം നിഷേധിച്ച്മുന്‍വിധിയോടെയാണ് തന്നെ ബ്ലോക്ക് ചെയ്തതെന്നും അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ട്വീറ്റ് നീക്കം ചെയ്യില്ലെന്നും മതത്തിന്റെ പേരിലെ തെറ്റായ കാര്യങ്ങള്‍ പുറത്തുകാണിക്കുകയായിരുന്നുവെന്നുമാണ് ഹെഗ്ഡെ വിശദീകരിച്ചത്.
ഇന്ത്യ അനുകൂല നിലാപാട് സ്വീകരിക്കുന്നവരുടെ അക്കൗണ്ടുകള്‍ തെരഞ്ഞുപിടിച്ച് ബ്ലോക്ക് ചെയ്യുകയാണെന്നും ദേശവിരുദ്ധ, ബി.ജെ.പി വിരുദ്ധ, മോദി വിരുദ്ധ ട്വീറ്റുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഹെഗ്ഡെ കത്തില്‍ ആവശ്യപ്പെടുന്നു.
