ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിലുള്ള വിജയ്‌യെ 22 മണിക്കൂര്‍ പിന്നിട്ടിട്ടും ചോദ്യം ചെയ്യല്‍ തുടരുകയാണ്. മുപ്പതിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 65 കോടിയോളം രൂപ കണ്ടെടുത്തതായി ദേശിയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിനിമ ബിഗിലുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ്. നിര്‍മ്മാതാക്കളുടെ കണക്കും നടന്‍ വിജയിയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമെന്നാണ് ആദാനയനികുതി വകുപ്പ് പറയുന്നത്.
ബുധനാഴ്ച്ച വൈകീട്ടായിരുന്നു വിജയിയെ സംഘം കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. അതിനിടെ, സൂപ്പര്‍ താരത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയും ഫാന്‍സും രംഗത്തെത്തി. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വീ സ്റ്റാന്‍ഡ് വിത്ത് വിജയ് എന്ന ഹാഷ് ടാഗ് ട്രെന്റിങ്ങായി. വിജയ്ക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിജയ് യുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖറുടെ പ്രതികരണം.നെയ്വേലി കടലൂരിലെ സിനിമാ സെറ്റില്‍ വെച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടിസ് നല്‍കിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ചെന്നൈ സാലിഗ്രാമത്തിലും നീലാങ്കരയിലുമുള്ള വിജയിയുടെ വീടുകളിലും അന്വേഷണസംഘം റെയ്ഡ് നടത്തി. സാലിഗ്രാമില്‍ നാല് മണിക്കൂറോളം പരിശോധന നടത്തി.
താരം അഭിനയിച്ചുകൊണ്ടിരുന്ന മാസ്റ്ററിന്റെ ഷൂട്ടിംഗ് നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ജി.എസ.്ടി, നോട്ട് റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പരിഹസിച്ചുള്ള വിജയ് ചിത്രത്തിലെ രംഗങ്ങള്‍ തമിഴകത്ത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ജോസഫ് വിജയിയെന്നഴുതിയ കോലം കത്തിച്ചും ഫ്ളക്സുകള്‍ കീറിയുമാണ് അന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
അതേസമയം, ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ക്ക് പിന്നാലെ രജനീകാന്തിനെതിരായ നികുതി കേസുകള്‍ ആദായ നികുതി അവസാനിപ്പിക്കുകയും ചെയ്തിരുന്നു
